റസിയ തന്നിട്ടുള്ളതെല്ലാം മറക്കാനാകാത്ത അനുഭവങ്ങൾ: രാധിക

പർദയണിഞ്ഞ് മൈലാഞ്ചി ചേലുള്ള മുഖത്തോടെ റസിയയായി മലയാളത്തിന്റെ ഇഷ്ടങ്ങളിലേക്ക് നടന്നുവന്ന നടിയാണ് രാധിക. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിന്റെ തിരശീലയിലെത്തുന്ന മുഖം റസിയയുടേത് തന്നെയല്ലേ. ഒറ്റ കഥാപാത്രത്തിലൂടെ കാലമുള്ളിടത്തോളം ഓർമിക്കുപ്പെടുകയെന്ന അപൂർവത രാധികയ്ക്ക് സ്വന്തം...ക്ലാസ്മേറ്റ്സ് സിനിമ പുറത്തിറങ്ങിയിട്ട് പത്ത് വർഷം പിന്നിടുമ്പോൾ റസിയയുടെ മറക്കാനാകാത്ത ഓര്‍മകൾ പങ്കുവച്ച് രാധിക...

റസിയയെ ഇപ്പോഴും ഓർക്കാറുണ്ടോ?

റസിയയെ കുറിച്ച് ചോദിക്കരുത്. ഈ അഭിമുഖം പിന്നെ എഴുതി തീർക്കാനാവില്ല. റസിയയെ കുറിച്ച് എനിക്കത്രയ്ക്ക് പറയാനുണ്ട്. അവളിപ്പോഴും എന്റെയൊപ്പം ജീവിക്കുന്നുണ്ട്. അവൾ മാത്രമല്ല, ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ ഷൂട്ടിങ് നടന്ന ഓരോ നിമിഷങ്ങളും ഇപ്പോഴും മനസിലുണ്ട്. അതിനെ കുറിച്ചോർക്കാത്ത ഒരു ദിനം പോലും കടന്നുപോയിട്ടില്ല ജീവിതത്തിൽ ഇനിയുണ്ടാകുകയുമില്ല.

റസിയ തന്നിട്ടുള്ളതെല്ലാം മറക്കാനാകാത്ത അനുഭവങ്ങൾ

എറണാകുളം കവിത തീയറ്ററിൽ സെക്കൻഡ് ഷോയിലാണ് ക്ലാസ്മേറ്റ്സ് കാണാൻ കയറിയത്. സിനിമയിലെ രൂപവും ശരിക്കുള്ള മുഖവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. സിനിമ കണ്ടിറങ്ങി പിന്നണിയിൽ പ്രവർത്തിച്ചവരുമായി ഞാൻ സംസാരിച്ച് നിൽക്കുമ്പോൾ ഒരു ഉമ്മ അടുത്ത് വന്ന് ചോദിച്ചു. മോളല്ലേ റസിയായി അഭിനയിച്ചതെന്ന്. അതെയെന്ന് പറഞ്ഞതും അവർ കെട്ടിപ്പിടിച്ച് കരഞ്ഞു. ‌ഞാനാകെ വല്ലാതായി. അപ്പോഴാണ് സാധാരണ ജനങ്ങൾക്കിടയിൽ എന്തുമാത്രം സ്വാധീനം ചെലുത്തി ആ കഥാപാത്രം എന്നെനിക്ക് മനസിലായത്. അഭിനയ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനം. എന്റെ ചേട്ടൻ സിനിമ കാണുന്നത് ദുബായില്‍ വച്ച്. അതിറങ്ങി രണ്ട് മാസം കഴിഞ്ഞോ മറ്റോ. അതു കണ്ടിട്ട് അവൻ പറഞ്ഞത് ഞാൻ നിന്നെ അതിൽ കണ്ടതേയില്ല. നീയെന്റെ മനസിലേ വന്നില്ല എന്നാണ്.

ഇടവേള മനപൂർവമല്ല, റസിയമാരാകാൻ‌ താൽപര്യമില്ലായിരുന്നു

റസിയയെന്ന നല്ല കഥാപാത്രം പിന്നെയും നല്ല അവസരങ്ങൾ തരുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. പിന്നീട് വന്നതെല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെയായിരുന്നു. പിന്നെയും പിന്നെയും റസിയയാകാൻ ഒരു ടൈപ്പ് കാരക്ടർ ചെയ്യാൻ എനിക്കിഷ്ടമല്ലായിരുന്നു. കുറേ കഥാപാത്രങ്ങൾ അതുകൊണ്ടൊഴിവാക്കി. 2013ലാണ് ഏറ്റവുമൊടുവിലായി അഭിനയിച്ചത്. കരിയറിൽ അതുകാരണം വന്ന വലിയ ഇടവേളയിൽ എനിക്ക് ദുംഖമൊന്നുമില്ല. കാരണം സങ്കടപ്പെട്ടിരിക്കാൻ സമയമില്ലായിരുന്നു. പെയിൻറിങ് എന്റെ ക്രേസ് ആണ്. കുറേ പെയിന്റിങ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മ്യൂറലാണ് വരയ്ക്കുന്നത്. അതിന്റെ തിരക്കിലായിരുന്നു.സിനിമയിൽ ചെയ്ത കഥാപാത്രങ്ങളെയെല്ലാം എനിക്കിഷ്ടമാണ്.