അവസാന പട്ടികയിൽ രാജേഷ് പിള്ളയും

അവാർഡുകൾ നാളെ പ്രഖ്യാപിക്കാനിരിക്കെ മികച്ച നടൻ, നടി, സംവിധായകൻ, ചിത്രം എന്നിവയ്ക്കായി കടുത്ത മത്സരമാണ് അരങ്ങേറുന്നത്. മികച്ച നടനുള്ള അവാർഡിന് മമ്മൂട്ടിയും പൃഥ്വിരാജുമാണ് അവസാന റൗണ്ടിൽ ഉള്ളത്. പത്തേമാരിയിലെ അഭിനയത്തിന് മമ്മൂട്ടിയും എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജുമാണ് അവസാന റൗണ്ടിലുള്ളതെങ്കിലും കുഞ്ചാക്കോ ബോബനോ ജയസൂര്യയോ അവാർഡ് നേടാനും സാധ്യതയുണ്ട്.

സഹനടനുള്ള പുരസ്കാരത്തിന് സുധീർ കരമന നെടുമുടി വേണു (വലിയ ചിറകുള്ള പക്ഷികൾ), സിദ്ദിക്ക് (പത്തേമാരി) ചെമ്പൻ വിനോദ് ജോസ് (ഉറുമ്പുകൾ ഉറങ്ങാറില്ല) എന്നിവരാണ് പരിഗണനയിലുള്ളത്.

മികച്ച നടിക്കുള്ള പുരസ്കാരത്തിന് പാർവതി, അമല പോൾ, മഞ്ജുവാര്യർ എന്നിവരെയാണ് പരിഗണിക്കുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയിലെ കേന്ദ്രകഥാപാത്രമാണ് അമലയെ അവസാന റൗണ്ടിലെത്തിച്ചത്. എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലെ പ്രകടനം മുൻ നിറുത്തി മഞ്ജു വാര്യർക്കും സാധ്യത കൽപിക്കപ്പെടുന്നു. എങ്കിലും ചാർലി, മൊയ്തീൻ എന്നീ ചിത്രങ്ങളിലെ പ്രകടനം മുൻനിർത്തി പാർവതിക്കാണ് സാധ്യത കൂടുതൽ.

മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നീ അവാർഡുകൾക്കായി എന്നു നിന്റെ മൊയ്തീൻ (ആർ.എസ്. വിമൽ), പത്തേമാരി (സലിം അഹമ്മദ്), വലിയ ചിറകുള്ള പക്ഷികൾ (ഡോ.ബിജു), അനാർക്കലി (രാജീവ് നായർ) എന്നീ ചിത്രങ്ങളാണ് മുന്നിൽ. കഴിഞ്ഞ ദിവസം അന്തരിച്ച രാജേഷ് പിള്ളയും മികച്ച സംവിധായകനുള്ള അവസാനപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.