രഞ്ജിത്തിനെ പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി

പ്രമുഖ സിനിമാനിർമാതാക്കളായ ക്യാപിറ്റോൾ സിനിമയെയും ഗ്ലോബൽ യുണൈറ്റഡ് മീഡിയയെയും നിമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. സമരത്തിന്റെ പേരിൽ ചിത്രീകരണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടും അത് അനുസരിക്കാതെ വർധിച്ച കൂലി കൊടുത്ത് ചിത്രീകരണം തുടർന്നതിനെ തുടർന്നാണ് പുറത്താക്കൽ.

സംവിധായകൻ രഞ്ജിത്തിന്റെ നിർമാണകമ്പനിയാണ് ക്യാപിറ്റോൾ ഫിലിംസ്. സിനിമാ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് 33 ശതമാനം വര്‍ധനയാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ തയ്യാറല്ലെന്ന് പ്രൊഡ്യൂസര്‍സ് അസോസിയേഷന്‍ അറിയിച്ചു. 33 ശതമാനം കൂടുതല്‍ വേതനം തരാന്‍ തയ്യാറുള്ള നിർമാതാക്കളുടെ ചിത്രം മാത്രം ചെയ്താല്‍ മതിയെന്ന് ഫെഫ്കയും തീരുമാനമെടുത്തു.

ഈ തീരുമാനത്തിൽ ഒരു നിർമാതാവും വേതനം വര്‍ധിപ്പിക്കരുതെന്ന് പ്രൊഡ്യൂസര്‍സ് അസോസിയേഷനും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിന് എതിരായി ചിത്രീകരണം തുടര്‍ന്ന ചിത്രങ്ങളുടെ നിമാതാക്കളെയും അവരുടെ സംഘടനകളെയും ആണ് പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്.

രഞ്ജിത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ഒന്നാം തീയതി ചിത്രീകരണം തുടങ്ങിയിരുന്നു. ദുല്‍ഖര്‍ നായകനാകുന്ന രാജീവ് രവി ചിത്രവും ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങളുടെയും നിർമാതാക്കൾക്കും നിർമാണ കമ്പനികൾക്കെതിരെയുമാണ് നടപടി.

നിർമാതാക്കൾക്കെതിരെ സംവിധായകൻ കമലും രംഗത്തെത്തി. സിനിമയിലെ സാങ്കേതിക വിദഗ്ധരെ തീരുമാനിക്കേണ്ടത് നിര്‍മാതാക്കളല്ലെന്നും സംവിധായകനാണെന്നും കമല്‍ പറഞ്ഞു. വഴിയെ പോകുന്നവരെ ഉപയോഗിച്ച് സംവിധായകന് സിനിമ ചെയ്യാനാവില്ല. കമൽ പറഞ്ഞു.