അസിന്‍ വിവാഹിതയാകുന്നു; വരന്‍ മൈക്രോമാക്സ് ഉടമ

ഏഴു വർഷം മുമ്പ് ഗജനിയിൽ അഭിനയിക്കുമ്പോൾ അസിൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല സിനിമ യാഥാർഥ്യമാകുമെന്ന്. ഏതായാലും സിനിമ നടി അസിന്റെ ജീവിതത്തിൽ യാഥാർത്ഥ്യമായി. യഥാർത്ഥ ജീവിതത്തിലെ സ‍‍ഞ്ജയ് രാമസ്വാമിയെ കണ്ടെത്തിയ സന്തോഷത്തിലാണ് അസിൻ.

മൈക്രോമാക്സ് കമ്പനിയുടെ ഉടമ രാഹുല്‍ ശർമ്മയാണ് സിനിമാകഥ പോലെ അസിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഗോസുപ്പുകൾക്ക് വിരാമമിട്ട് രാഹുലിന്റെ ജീവിതസഖിയാകാൻ പോകുന്ന വിവരം അസിൻ തന്നെ വെളിപ്പെടുത്തുകയായിരുന്നു. വിവാഹം നവംബർ 21ന് നടക്കുമെന്ന് അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കൽ മനോരമ ന്യൂസിനോടു പറഞ്ഞു. അസിൻ പുതിയ ചിത്രം ആൾ ഈസ് വെല്ലിന്റെ പ്രചരണാർഥം ഡൽഹിയിലാണ് ഇപ്പോഴുള്ളത്. ഏറ്റെടുത്ത കരാറുകളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലുമാണ് അസിനിപ്പോൾ.

ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുല്‍ ശർമ്മ(36). നടൻ അക്ഷയ്‌കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് രാഹുല്‍. അക്ഷയ് തന്നെയാണ് അസിന്റെയും രാഹുലിന്റെയും പ്രണയത്തിന് വഴിയൊരുക്കിയത്.