എന്റെ ശവമാണ് വേണ്ടതെങ്കിൽ അതും കൊടുക്കാം: മണിയുടെ സഹോദരൻ

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ സർക്കാർ ഉത്തരവിട്ടിരുന്നു. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയതിനെ തുടർന്നായിരുന്നു നടപടി.

എന്നാൽ ഈ ഉത്തരവ് വന്നതിന് ശേഷം ചിലർ ഞങ്ങളുടെ കുടുംബത്തെ വേട്ടയാടുകയാണെന്ന് രാമകൃഷ്ണൻ പറയുന്നു. മാനസികമായി പീഡിപ്പിച്ച് കേസിൽ നിന്ന് പിന്മാറാൻ കള്ളക്കഥകൾ മെനയുകയാണ് ഇക്കൂട്ടരെന്നും രാമകൃഷ്ണൻ പറഞ്ഞു.

രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–

മണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സ്നേഹിക്കുന്ന പ്രിയ സ്നേഹിതരെ .... ഒരു ചാനലിൽ ഞങ്ങളുടെ കുടുംബക്കാരെയും എന്നെയും കുറിച്ചുള്ള പരാമർശങ്ങൾ നിങ്ങൾ കണ്ടു കാണുമല്ലോ. കേസ് സി.ബി.ഐയ്ക്ക് വിടും എന്ന് കണ്ടപ്പോൾ തുടങ്ങിയതാണ് ഇവരുടെ സംഭ്രമങ്ങൾ. ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു കൊണ്ട് കേസിൽ നിന്നും പിന്മാറാൻ വേണ്ടി ഇല്ലായ്മകൾ പറഞ്ഞു കൊണ്ട് കുടുംബാംഗങ്ങളെ ചവിട്ടിമെതിക്കുകയാണ് ഇക്കൂട്ടർ.

സ്വന്തം ചേട്ടന്റെ മരണകാരണം അന്വേഷിച്ചിറങ്ങിയ അനിയനും കുടുംബത്തിനും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ദുരാവസ്ഥ ഇനിയും തുടർന്ന് കൊണ്ടിരിരുന്ന സഹാചര്യത്തിൽ ഈ കഴുകൻമാർക്ക് കൊത്തി തിന്നാൻ എന്റെ ശവമാണ് വേണ്ടത് എങ്കിൽ ഞാൻ അതും കൊടുക്കാം.... മതിയാവോളം ഭക്ഷിക്കട്ടെ, ഈ അന്വേഷണത്തിലൂടെയുള്ള എന്റെ യാത്രയിൽ ഞാൻ ഇല്ലാതായാൽക്കൂടി ഈ കേസ് തേഞ്ഞുമാഞ്ഞ് പോകതെ നിങ്ങൾ നോക്കണം.. സത്യം ജയിക്കണം.