പൃഥ്വിയുടെ റോബിൻഹുഡും തലസ്ഥാനത്തെ എടിഎം തട്ടിപ്പും

മലയാള സിനിമ കണ്ട ഹൈടെക്ക് കള്ളന്റെ കഥയാണ് പൃഥ്വിരാജിന്റെ റോബിൻഹുഡ് പറഞ്ഞത്. ജോഷി സംവിധാനം ചെയ്ത ചിത്രം എടിഎമ്മിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന പെരുംകള്ളന്റെ കഥയായിരുന്നു പ്രമേയമാക്കിയത്. കോട്ടും സൂട്ടുമിട്ട് ബൈക്കിലും കാറിലും വന്നിറങ്ങി എടിഎം കവര്‍ച്ച നടത്തുന്ന ആധുനിക കള്ളനായിരുന്നു റോബിന്‍ഹുഡ്.

ഇപ്പോഴിതാ റോബിന്‍ഹുഡിനെ മാതൃകയിൽ തലസ്ഥാനത്തും ഹൈടെക്ക് മോഷണം. തലസ്ഥാനത്തെ എടിഎമ്മുകളിൽ കാർഡ് വിവരങ്ങൾ ചോർത്തുന്ന സ്കിമ്മറും രഹസ്യ ക്യാമറയും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഒറ്റ ദിവസംകൊണ്ടു മാത്രം 16 ഇടപാടുകാരിൽ നിന്നു തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപയാണ്.

1.വെള്ളയമ്പലത്ത് തട്ടിപ്പിനുപയോഗിച്ച ഉപകരണം എടിഎം മുറിയുടെ മേൽത്തട്ടിൽ. 2. ഉപകരണം തുറന്നപ്പോൾ ഉള്ളിൽ മൊബൈൽ ഫോൺ ബാറ്ററി, മെമ്മറി കാർഡ്, ക്യാമറ തുടങ്ങിയവ. (വലത്ത്)...

റോബിന്‍ഹുഡ് സിനിമയിലും മോഷ്ടാവായ നായകന്‍ കവര്‍ച്ച നടത്തിയിരുന്നത് എടിഎമ്മുകളില്‍ നിന്ന് വിവരം ശേഖരിക്കുന്ന പ്രത്യേകതരം ഇലക്ട്രിക്ക് ഉപകരണം ഉപയോഗിച്ചായിരുന്നു. ജോഷി സംവിധാനംചെയ്ത് 2009 സെപ്തംബറില്‍ പുറത്തിറങ്ങിയ സിനിമയാണ് റോബിന്‍ഹുഡ്. ഐബിഎന്‍ എന്ന ബാങ്കിനെ തകര്‍ക്കാനായി സിനിമയിലെ നായകന്‍ വ്യാജ എടിഎം കാര്‍ഡ് നിര്‍മിച്ച് കൗണ്ടറില്‍നിന്ന് പണംകൊള്ളയടിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കം.

തിരുവനന്തപുരത്ത് എടിഎം കൗണ്ടറിന് മുകളില്‍ സ്ഥാപിച്ച ലെന്‍സ് ഘടിപ്പിച്ച ഉപകരണം വഴി പണമെടുക്കാന്‍ വന്നവരുടെ പിന്‍നമ്പറടക്കം ചോര്‍ത്തിയാണ് മോഷണം നടന്നത്. ദിവസങ്ങള്‍ക്കു മുന്‍പു തന്നെ കൗണ്ടറില്‍ ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. പരാതികൾ ലഭിച്ചതിനെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് എടിഎം കൗണ്ടറിന്റെ സീലിങ്ങിലെ സ്മോക് ഡിറ്റെക്ടറിനുള്ളിൽ ക്യാമറ, ബാറ്ററി, മെമ്മറി കാർഡ്, സിം കാർഡ് എന്നിവ കണ്ടെത്തിയത്.

ക്യാമറ ഉപയോഗിച്ചു പിൻ നമ്പർ മാത്രം ശേഖരിച്ചു പണം പിൻവലിക്കുക അസാധ്യമായതിനാൽ എടിഎം മെഷീനിൽ സ്കിമ്മർ എന്ന ഉപകരണം മോഷ്ടാക്കൾ ഘടിപ്പിച്ചിരുന്നിരിക്കാം എന്നാണു പൊലീസ് നിഗമനം. ഇൗ ഉപകരണം എടിഎം കാർഡിലെ വിവരങ്ങൾ ശേഖരിക്കുകയും പിന്നീടു വ്യാജ കാർഡ് തയാറാക്കുകയും ചെയ്യും. തട്ടിപ്പുസംഘം പണം പിൻവലിച്ചതു മുംബൈയിലെ വിവിധ എടിഎമ്മുകളിൽ നിന്നാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതിന് മുമ്പും കേരളത്തിൽ ഇതിന് സമാനമായ എടിഎം തട്ടിപ്പ് നടന്നിട്ടുണ്ട്.