പേരറിയാത്തവർ എനിക്കിഷ്ടമായില്ല; ബിജുവിനെ വിമർശിച്ച് സനൽകുമാർ

അടൂർ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയെ വിമര്‍ശിച്ച് ഡോ. ബിജു അടക്കമുള്ള സംവിധായകർ രംഗത്തെത്തിയിരുന്നു. പിന്നെയും മലയാളസിനിമയെ പിന്നോട്ട് വലിക്കുന്നുവെന്നായിരുന്നു ചിലരുടെ വിമർശനം. എന്നാൽ ചിത്രത്തെ പിന്തുണച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തി.

പിന്നെയും എന്നെ ഉത്തേജിപ്പിച്ച സിനിമയാണെന്നും അതേസമയം ഡോ ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ തനിക്കിഷ്ടമായില്ലെന്നും സനൽ പറഞ്ഞു.

സനൽ എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം–

എന്നെ ഉത്തേജിപ്പിക്കുന്ന ഏതൊരു സിനിമയും എനിക്ക് നല്ല സിനിമയാണ്. പിന്നെയും എന്നെ ഉത്തേജിപ്പിച്ച സിനിമയാണ്. ഞാനിത് പറഞ്ഞാൽ അടൂർ എന്നെക്കുറിച്ച് നല്ലത് പറയുന്നതുകൊണ്ട് ഞാൻ അദ്ദേഹത്തെ പ്രൊമോട്ട് ചെയ്യുന്നതാണെന്ന് പറയും. (പറഞ്ഞു. പറഞ്ഞുകൊണ്ടിരിക്കും) ഡോക്ടർ ബിജുവിന്റെ പേരറിയാത്തവർ ഓടുന്ന അതേ തിയറ്ററിലാണ് തിരുവനന്തപുരത്ത് പിന്നെയും എന്ന സിനിമയും ഓടുന്നത്.

അടൂർ മലയാള സിനിമയെ പിന്നോട്ടടിച്ചു എന്നൊക്കെ പറയുന്ന ചിലർ പേരറിയാത്തവർ വളരെ ഗംഭീരമായ സിനിമയാണെന്ന് പറയുന്നു. പേരറിയാത്തവർ എടുത്ത ഡോക്ടർ ബിജു അടൂരിന്റെ ഉറവ വറ്റിയെന്ന് പറയുന്നു. എനിക്കിതൊന്നും മനസിലാവുന്നില്ല. പേരറിയാത്തവർ എനിക്കിഷ്ടമായില്ല. എന്നെ ഒരുതരത്തിലും ഉത്തേജിപ്പിക്കാത്ത ഒരു സിനിമയാണത്. ആ സിനിമ ഗംഭീരമെന്ന് കരുതുന്നവർ പിന്നെയും എന്ന സിനിമ മഹാമോശമെന്ന് പറയുമ്പോൾ ഒന്നുകിൽ എനിക്ക് സാരമായ കുഴപ്പമുണ്ട്.

ഒരു സിനിമയുടെയും ക്യാമറ, മ്യൂസിക്, തിരക്കഥ, അഭിനയം ഒന്നും നോക്കിയല്ല സിനിമയുടെ മേന്മ നിശ്ചയിക്കേണ്ടത് എന്നാണ് എന്റെ കാഴ്ചപ്പാട്. ആകെക്കൂടി സിനിമ നമ്മിൽ അവശേഷിപ്പിക്കുന്നതെന്ത് എന്നതാണ് പ്രഥമമായി നോക്കേണ്ടത്. നായരെ നായകൻ (അതോ വില്ലനോ) ആക്കിയാൽ അത് സവർണ ചായ്‌വ് ആവുമെന്നൊക്കെ പറയുന്നത് നല്ല തമാശയാണ്.
പുരുഷോത്തമൻ നായരുടെ കുടുംബത്തിലെ എല്ലാവരെയും ക്രിമിനൽ സ്വഭാവമുള്ളവരായി അവതരിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞ് നായന്മാരെല്ലാം കൂടി അടൂരിനെതിരെ കേസ് കൊടുക്കാനും വഴിയുണ്ട്. വിമർശനം എങ്ങനെയുമാകാം. ഒരുകാര്യത്തിൽ മാത്രമാണ് വിയോജിപ്പ്. ഒരു കലാസൃഷ്ടിയെ മുൻ നിർത്തി കലാകാരന്റെ കയ്യിലെ കോപ്പ് തീർന്നു എന്നൊക്കെ പറയുന്നത് കഷ്ടമാണ്, നെറികേടാണ്. അങ്ങനെയാണെങ്കിൽ ഇന്ന് സമാന്തരസിനിമയിൽ വലിയ വീമ്പ് പറയുന്ന എല്ലാവരും പണിമതിയാക്കേണ്ട സമയം കഴിഞ്ഞു.