ഇന്ദു മേനോന്‍ മറുപടിയർഹിക്കുന്നില്ല: സനൽകുമാർ ശശിധരൻ

ഇന്ദു മേനോൻ, സനൽകുമാർ ശശിധരൻ

ഒഴിവു ദിവസത്തെ കളിയെന്ന ചിത്രത്തെ കുറിച്ചുള്ള പരാമർശങ്ങൾക്ക് എഴുത്തുകാരി ഇന്ദു മേനോന്‍ മറുപടിയർഹിക്കുന്നില്ലെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. മലയാളത്തിൽ അടുത്തിടെയിറങ്ങിയ സിനിമകളിൽ‌ നിരൂപകപ്രശംസ ഏറെ നേടിയ ചിത്രങ്ങളിലൊന്നാണ് ഒഴിവു ദിവസത്തെ കളി. എന്നാൽ ഇന്ദു മേനോൻ കടുത്ത വിമർശനമാണ് ചിത്രത്തിനെതിരെ ഉയർത്തിയത്. കലാ-രാഷ്ട്രീയ മൂല്യങ്ങളില്ലാത്ത കള്ളനാണയമെന്നാണ് ഇന്ദു ചിത്രത്തെ വിശേഷിപ്പിച്ചത്. ഉണ്ണി ആർ എഴുതിയ കഥയാണ് സിനിമയായത്.

മറുപടി അർഹിക്കാത്ത കാര്യമാണ് ഇന്ദു മേനോൻ പറഞ്ഞിരിക്കുന്നത്. ഇത്ര രൂക്ഷമായിട്ട് ചിത്രത്തെ കുറിച്ച് പറയാൻ കാര്യമെന്താണെന്ന് അറിയില്ല. സിനിമയെ കുറിച്ച് ഓരോരുത്തർക്കും ഓരോ രീതിയിൽ പറയാനുണ്ടാകുമല്ലോ. തീർത്തും കാമ്പില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ‌ ആളുകൾ അമിത പ്രാധാന്യം നൽകുന്നതിന്റെ പ്രശ്നമാണിതൊക്കെ. ഇതിലൊന്നും മറുപടി പറയുവാനും ഞാനില്ല. കലയെ വ്യക്തിപരമായ വിഷയങ്ങളുമായി കൂട്ടിക്കുഴയ്ക്കുന്നതെന്തിനാണെന്നറിയില്ല.

അങ്ങനെ ചെയ്യുന്നത് അയൽ വീട്ടുകാർ തമ്മിലുള്ള വഴക്കു പോലെയാണ്. അതിലെന്തെങ്കിലും അഭിപ്രായം പറയുന്നതു തന്നെ മോശമാണ്. ഒരു സിനിമ ചെയ്താൽ അതിന് പ്രൊമോഷൻ കിട്ടാൻ വേണ്ടി രണ്ടു കാര്യങ്ങൾ ചെയ്യാം. ഒന്ന് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കാം. അല്ലെങ്കിൽ നല്ല സിനിമ ചെയ്തിട്ട് എല്ലാവരോടും കാണണമെന്ന് പറയാം. ഞാൻ രണ്ടാമത്തേത് ആണ് ചെയ്തത്. സനൽ കുമാര്‍ ശശിധരൻ മനോരമ ഓൺലൈനോട് പറഞ്ഞു.

സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കുവാൻ വേണ്ടി വിതരണക്കാരെ തേടി ഏറെ അലയേണ്ടി വന്നിരുന്നു സംവിധായകന്. ഒടുവിൽ കലാമൂല്യമുള്ള സിനിമകളെ ഏറ്റെടുക്കുന്ന ബിഗ് ഡ്രീംസ് എന്ന കമ്പനിയാണ് ഈ സിനിമയ്ക്കും തുണയായത്. സിനിമയുടെ മികവ് കണക്കിലെടുത്ത് പ്രൊമോഷൻ കാര്യങ്ങൾ സംവിധായകൻ ആഷിക് അബുവും ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളിലും സിനിമ കാണണമെന്നഭ്യർഥിച്ചുള്ള ജനകീയ മുന്നേറ്റങ്ങളും ശക്തമായിരുന്നു. മികച്ച സിനിമയ്ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം നേടിയ നിരവധി അന്താരാഷ്ട്ര മേളകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.