മമ്മൂട്ടിയെ തെറ്റിദ്ധരിച്ചു: സത്യന്‍ അന്തിക്കാട്

ഒരു പ്രമുഖ ചാനലിന്‍റെ ടെലിവിഷൻ അവാർഡിൽ മുഖ്യാതിഥിയായി എത്തിയ മമ്മൂട്ടി സീരിയൽ താരങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സോഷ്യൽമീഡിയയിലും സീരിയൽ രംഗത്തുമെല്ലാം പ്രതിഷേധം ശക്തമായിരിക്കുകയാണ്. മമ്മൂട്ടിക്കെതിരെ മികച്ച സീരിയല്‍ സംവിധായകനുള്ള പുരസ്ക്കാരം നേടിയ സുജിത് സുന്ദർ സംസാരിച്ചതോടെയാണ് പ്രശ്നം വഷളായത്. എന്നാൽ മമ്മൂട്ടി തമാശയായി പറഞ്ഞതിനെ ഗൗരവമായി കണ്ടതാണ് പ്രശ്നമെന്ന വിശദീകരണവുമായി സത്യൻ അന്തിക്കാട് രംഗത്തു വന്നിരുന്നു. അവാർഡ് നിശയിൽ യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന് അതിഥികളിലൊരാളായ സത്യൻ അന്തിക്കാട് തന്നെ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

മമ്മൂട്ടി സീരിയൽ താരങ്ങളെ പരിഹസിച്ചു എന്ന രീതിയിൽ ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും വാർത്തകൾ വരുന്നുണ്ട്. അത്തരത്തിൽ പരിഹാസ്യമായ എന്തെങ്കിലും പരാമർശം താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോ?

മമ്മൂട്ടി ആരെയും അധിക്ഷേപിച്ചിട്ടുമില്ല പരിഹസിച്ചിട്ടുമില്ല. സ്വതവേ ഗൗരവപ്രകൃതക്കാരനായ മമ്മൂട്ടി അന്ന് പതിവിനു വിരുദ്ധമായി തമാശരീതിയിൽ സംസാരിച്ചതാണ് തെറ്റിധാരണയ്ക്ക് വക ഒരുക്കിയത്. മമ്മൂട്ടിയുടെ തമാശ അവിടെ കൂടിയിരുന്നവർക്ക് മനസ്സിലാകാതെ പോയതാണ് പ്രശ്നം. Best Actor Award goes to എന്ന വാചകം മുഴുമിപ്പാക്കാതെ Best Actor എന്നു പറഞ്ഞു, സംവിധായകനുള്ള അവാർഡ് കൊടുക്കാൻ നേരവും Best Director എന്നാണ് പറഞ്ഞത്.

അതിലെ Best നെ പല രീതിയിൽ ആളുകൾ വ്യാഖ്യാനിച്ചതാണ് പ്രശ്നമായത്. ശ്രീനിവാസനും ഇന്നസെന്റിനുമൊക്കെ സ്റ്റേജിൽ കയറി ഹാസ്യം കൈകാര്യം ചെയ്യാൻ സാധിക്കും, എന്നാൽ മമ്മൂട്ടിക്ക് അത് സാധിച്ചില്ല അതോടെ അത് തെറ്റിധരിക്കപ്പെട്ടു. മമ്മൂട്ടി അധിക്ഷേപിച്ചു എന്ന രീതിയിൽ പരാമർശിക്കപ്പെട്ടു. ഒരു ഫലിതം വേണ്ട രീതിയിൽ ഏറ്റില്ലെങ്കിൽ വി.കെ.എൻ പറയും ഒരു ഫലിതം കാറ്റിൽ പറന്നു എന്ന്. മമ്മൂട്ടി പറഞ്ഞ ഫലിതങ്ങൾ കാറ്റിൽ പറന്നു അതാണ് സംഭവിച്ചത്.

മമ്മൂട്ടി പെട്ടന്ന് സ്റ്റേജിലേക്ക് വന്നില്ല, ഇറങ്ങി പോയി എന്നൊക്കെ കേട്ടു. അത് സത്യമാണോ?

അവാർഡ് നിശ തുടങ്ങിയതു തന്നെ പത്തര പതിനൊന്നു മണിയോടെയാണ്. അത്ര വൈകിയ സമയത്തും ഷൂട്ടിങ്ങ് പൂർത്തിയാക്കി മമ്മൂട്ടി അങ്കമാലിയിൽ എത്തുകയായിരുന്നു. അഞ്ചോ ആറോ തവണയാണ് മമ്മൂട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. അപ്പോഴെല്ലാം യാതൊരു പരിഭവവുമില്ലാതെ സ്റ്റേജിൽ കയറി അവാർഡ് ദാനം നിർവഹിച്ചു, അതിനു ശേഷം പുതുതായി തുടങ്ങുന്ന ഷോയുടെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചതിനു ശേഷമാണ് പോയത്. അല്ലാതെ ക്ഷുഭിതനായി വേദി വിടുകയോ പരിപാടിയുടെ ഇടയ്ക്കുവച്ച് ഇറങ്ങി പോവുകയോ ഒന്നും ചെയ്തിട്ടില്ല.

സീരിയൽ താരങ്ങളോടുള്ള മമ്മൂട്ടിയുടെ മനോഭാവം എങ്ങനെയാണ്? താങ്കളുടെ അഭിപ്രായം എന്താണ്?

സീരിയൽ താരങ്ങളോട് സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നതു പോലെ വെറുപ്പോ വിദ്വേഷമോ പുച്ഛമോ ഒന്നും ഉള്ള ആൾ അല്ല മമ്മൂട്ടി. മലയാളത്തിലെ ഒരു മെഗാസിരിയലിന്റെ നിർമാതാവ് കൂടിയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ സഹോദരൻ സീരിയൽ രംഗത്തുള്ള ആളാണ്. എത്രയോ സീരിയൽ താരങ്ങൾ മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ മമ്മൂട്ടിക്ക് സീരിയൽ താരങ്ങൾ പുച്ഛമാണ് എന്ന് എന്ത് അടിസ്ഥാനത്തിൽ പറയാൻ സാധിക്കും.

അങ്ങനെ വെറുപ്പുള്ള ഒരാളായിരുന്നെങ്കിൽ തൊടുപുഴയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും അങ്കമാലി വരെ ആ രാത്രി വരേണ്ട ആവശ്യം എന്തായിരുന്നു? അന്നേ ദിവസം രാവിലെ മുതൽ കമലിന്റെ പുതിയ സിനിമ ഉട്ടോപ്യയിലെ രാജാവിന്റെ ഷൂട്ടിങ്ങ് ആയിരുന്നു. ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ ഇതിനു വേണ്ടി സമയം കണ്ടെത്തിയാണ് എത്തിയത്. എല്ലാവർക്കും അറിയാം, മനസ്സിലൊന്നുംവെക്കാതെ ഉള്ളത് ഉള്ളതു പോലെ പറയുന്ന ആളാണ് മമ്മൂട്ടിയെന്ന്. സീരിയലുകാരോട് ഇഷ്ടക്കേടുണ്ടായിരുന്നെങ്കിൽ വരാൻ പറ്റില്ലെന്ന് തന്നെ പറയുമായിരുന്നു. ഒരുപാട് തെറ്റിധരിക്കപ്പെട്ട വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.