വിഷ മുന്തിരിയിൽ നിന്ന് മീരയെ രക്ഷപ്പെടുത്തിയ തോട്ടം സൂക്ഷിപ്പുകാരൻ

വിഷം കലർന്ന പച്ചക്കറികളും പഴവർഗങ്ങളും സിനിമാചിത്രീകരണത്തിൽപ്പോലും വില്ലനാവുന്നതായി സംവിധായകൻ സത്യൻ അന്തിക്കാട്. തന്റെ ഒരു സിനിമാ ചിത്രീകരണത്തിനിടയിലെ അനുഭവം അദ്ദേഹം പങ്കുവച്ചതു സരോജിനി–ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയശ്രീ ജൈവകർഷക പുരസ്കാരങ്ങൾ സമ്മാനിക്കുന്ന വേദിയിലായിരുന്നു. ‘ഒരു ചിത്രത്തിൽ മോഹൻലാലും മീര ജാസ്മിനും മുന്തിരിത്തോട്ടത്തിൽ അഭിനയിക്കുന്ന രംഗമുണ്ടായിരുന്നു. മുന്തിരിക്കുലയിൽ നിന്ന് ഒരെണ്ണം അടർത്തിയെടുത്തു ലാൽ മീരയ്ക്കു കൊടുക്കുന്ന ഭാഗം ചിത്രീകരിക്കാനൊരുങ്ങിയപ്പോൾ തോട്ടം സൂക്ഷിപ്പുകാരൻ അനുവദിച്ചില്ല.

പ്ലാസ്റ്റിക് ബക്കറ്റിൽ കീടനാശിനി നിറച്ച ശേഷം മുന്തിരിക്കുലകൾ മുക്കിയെടുത്തിട്ട് അൽപനേരമേ ആയുള്ളൂ എന്നതായിരുന്നു കാരണം. ഇത്തരം പഴവർഗങ്ങളാണ് ആശുപത്രികളിൽ പോകുമ്പോൾ നാം രോഗികൾക്കു കൊടുക്കുന്നത്’–സത്യൻ അന്തിക്കാട് പറഞ്ഞു. കേരളമെമ്പാടും ജൈവ പച്ചക്കറി ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെ തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിയുടെ അളവു കുറഞ്ഞു എന്നതു സത്യമാണ്. തൃശൂർ മാർക്കറ്റിൽ മാത്രം അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറിയുടെ അളവിൽ 30% കുറഞ്ഞിട്ടുണ്ട്.

ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ വേണമെന്നു നമ്മൾ ആഗ്രഹിക്കുമ്പോഴും, ഒരു ഡോക്ടറെ കാണാൻ മറ്റൊരു ഡോക്ടറോടു ചോദിച്ചറിയേണ്ട സാഹചര്യമാണെന്നും സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു.

നേരത്തെ നടന്‍ ശ്രീനിവാസനും പച്ചക്കറികളുടെ നിലവാരത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. പച്ചക്കറി പരിശോധിക്കുന്നതിനുള്ള ഒരുസംവിധാനവുമില്ലാതെയാണ് കേരളം അതിര്‍ത്തികടന്നെത്തുന്ന പച്ചക്കറിയുടെ ഗുണനിലവാര പരിശോധയ്ക്ക് ഒരുങ്ങുന്നത്. ഇതിനെല്ലാം ബദല്‍ ഒന്നേയുള്ളൂ. സ്വന്തം ഭക്ഷണത്തെ കുറിച്ച് അവനവന്‍ ശ്രദ്ധിക്കണം. സ്വന്തമായി കൃഷി ചെയ്യണം. ശ്രീനിവാസൻ പറഞ്ഞു.