ആ മാരുതി കാറിനെ സേതു നായകനാക്കുന്നു

ഇന്ത്യക്കാരുടെ നൊസ്റ്റാള്‍ജിക്ക് കാറായ മാരുതി 800 നായകനായ ഒരു സിനിമ വരുന്നു. തിരക്കഥാകൃത്തായ സേതുവാണ് തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ നായകനായി കാറിനെ തിരഞ്ഞെടുത്തത്.

ഒരു അച്ഛനും മകനും കാറും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് സിനിമയുടേത്. ഒരു തുരുത്തില്‍ മാരുതി 800 കാര്‍ വരുന്നതും പിന്നീട് ആ കാര്‍ അവിടുത്തുകാര്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നതുമാണ് പ്രമേയം. അച്ഛന്‍ മേടിക്കുന്ന ഈ കാര്‍ പിന്നീട് മകന് കൈമാറുന്നതും ഇരുവരും തമ്മിലുള്ള വൈകാരികബന്ധങ്ങളുമാണ് ചിത്രത്തില്‍ ഉള്ളത്. അതില്‍ പ്രണയമുണ്ട്. പച്ചയായ ജീവിതമുണ്ട്. നര്‍മരംഗങ്ങളുണ്ട്. ഈ കാറില്‍ ഇന്ത്യക്കാര്‍ക്കുള്ള ദേശീയവികാരം തന്നെയാണ് സിനിമയുടെ കഥാതന്തുവെന്ന് സേതു പറയുന്നു.

ഇന്ത്യയിലെ ആദ്യ മാരുതി 800 തുരുമ്പ് എടുത്തു നശിക്കുന്നുവെന്ന പത്രവാര്‍ത്തയാണ് പണ്ട് മനസ്സിലുണ്ടായിരുന്ന ആശയത്തെ വീണ്ടും പൊടി തട്ടിയെടുക്കാന്‍ സേതുവിനെ പ്രേരിപ്പിച്ചത്. ഈ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്റെ മനസ്സില്‍ പതിഞ്ഞതാണെന്നും യാദൃശ്ചികമായാണ് ആദ്യ മാരുതിയുടെ വാര്‍ത്ത പത്രങ്ങളില്‍ വരുന്നതെന്നും സേതു പറയുന്നു.

ഡല്‍ഹിയില്‍ താമസിക്കുന്ന ഹര്‍പാല്‍ സിങ് ആയിരുന്നു ആദ്യ മാരുതി 800 കാറിന്റെ ഉടമ. 1983 ഡിസംബര്‍ 14ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയില്‍ നിന്നായിരുന്നു ഹര്‍പാല്‍ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. സിനിമാതാരങ്ങള്‍ക്ക് പോലും കിട്ടുന്ന പ്രശസ്തിയായിരുന്നു ഹര്‍പാലിനും കുടുംബത്തിനും ഈ കാര്‍ മൂലം കൈവന്നത്. പലരും ഹര്‍പാലിന്റെ കൈയ്യില്‍ നിന്ന് ഓട്ടോഗ്രാഫ് വരെ മേടിക്കുമായിയിരുന്നു. എന്നാല്‍ ഇന്ന് , ഈ കാര്‍ ആര്‍ക്കും വേണ്ടാതെ തുരുമ്പെടുത്തു നശിക്കുകയാണ്.

സിനിമാക്കാര്‍ക്കും മാരുതി അവരുടെ ജീവിതത്തിലെ അഭിഭാജ്യഘടകങ്ങളിലൊന്നാണ്. സത്യന്‍ അന്തിക്കാട്, ദിലീപ് എന്നിവരുടെയെല്ലാം ആദ്യകാര്‍ മാരുതിയാണ്. സംവിധായകന്‍ ലാല്‍ജോസിന് ആദ്യമായി പ്രതിഫലമായി കിട്ടിയതും ഒരു മാരുതി. എല്ലാവരുടെയും നൊസ്റ്റാള്‍ജിക്ക് വാഹനമായ മാരുതിയെ ഇനി സിനിമയില്‍ കാണാം.