ആ ദിനേശൻ ശരിക്കും പോയി !

കേരളം സൊമാലിയയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീ പോ മോനേ മോദീ’ എന്ന് തിരിച്ചു വിളിക്കാൻ ഒരുപക്ഷേ ഈ ഇന്ത്യാ മഹാരാജ്യത്ത് മലയാളികൾക്ക് മാത്രമേ ധൈര്യം കാണൂ. ഒരു ഹാഷ് ടാഗൊക്കെയിട്ട് ഈ വാചകം അങ്ങെടുത്ത് അലക്കുമ്പോൾ ഓർക്കുന്നുണ്ടല്ലോ അല്ലേ ആ ലാലേട്ടൻ ചിത്രത്തെ കുറിച്ച്. നരസിംഹത്തിലെ ആ തകർപ്പൻ സീനുകളെ കുറിച്ച്. വർഷങ്ങൾക്ക് മുൻപ് കണ്ട സിനിമയിലെ ഡയലോഗ് ഇന്ന് വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വേളയിൽ കിടന്നങ്ങ് വിളയാടുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസിന് എന്താണ് പറയാനുള്ളത്.

‘ഈ ഡയലോഗ് മരിക്കില്ല. പതിനാറ് വർഷം വർഷം മുൻപാണ് സിനിമയിറങ്ങുന്നത്. അന്ന് ജനിച്ചിട്ടില്ലാത്ത പിള്ളേര് വരെ, അഞ്ച് വയസുപോലും തികയാത്തവർ വരെ ഇന്നിരുന്ന് ഈ വാക്കുകൾ പറയുന്നുണ്ട്. തലമുറ കൈമാറി പോകും പോലെ. ഒരുപാട് സന്തോഷമുണ്ടതിൽ.

കോഴിക്കോട് ഓഫിസേഴ്സ് ക്ലബ് എന്നൊരിടമുണ്ട്. നല്ല ഭക്ഷണം കിട്ടുന്നിടം. ഞാനും രഞ്ജിത്തും വൈകുന്നേരങ്ങളിൽ അവിടെ പോകാറുണ്ട്. അങ്ങനെയുള്ള ദിനങ്ങളിലാണ് ഈ ഡയലോഗിലേക്കെത്തുന്നത്. അവിടെ സ്ഥിരം ഭക്ഷണം കഴിക്കാനെത്തുന്ന ഒരു ഡോക്ടറാണ് അതിനു കാരണം. അദ്ദേഹത്തിന്റെ സാങ്കൽപിക കഥാപാത്രമാണ് ദിനേശ്. ആ പേര് പറഞ്ഞാണ് അദ്ദേഹം എല്ലാവരേയും വിളിക്കുന്നത്. ദിനേശാ ഇങ്ങ് വാ...ദിനേശാ അതെടുക്ക്...അദിങ്ങെട് മോനേ ദിനേശാ...തമാശ പറയുമ്പോൾ നീ പോ മോനേ ദിനേശാ അങ്ങനൊക്കെ. അത് കേട്ടപ്പോൾ എനിക്കെന്തോ കൗതുകം തോന്നി. സിനിമയില്‍ ചേര്‍ത്താല്‍ നന്നാകുമെന്ന് തോന്നി.അന്നേരം ഞാൻ രഞ്ജിതിനോട് പറഞ്ഞു നമുക്കിത് സിനിമയിൽ ഉപയോഗിക്കണമെന്ന്... ആ ഡയലോഗ് പിന്നീട് ഇന്ദുചൂഡന്റെ ട്രേഡ്മാര്‍ക്കായി മാറുകയും ചെയ്തു. ഇപ്പോഴത് ഇൻർനാഷണലാകുകയും ചെയ്തു. ഈ ഡോക്ടർ ഒരു മാസം മുൻപ് മരിച്ചു പോയി.

സിനിമയ്ക്ക് പിന്നിലെ കഥകളാണ്, പലപ്പോഴും സിനിമകളേക്കാൾ രസകരം എന്ന് പറയുന്നത് എത്ര ശരിയാണ്. ഓഫിസേഴ്സ് ക്ലബും അവിടെ ഭക്ഷണം കഴിക്കാനെത്തുന്ന ഡോക്ടറേയും പോലെ എത്രയോ കഥാപാത്രങ്ങൾ സംഭവങ്ങൾ നമ്മളറിയാത്തതായുണ്ട്. എന്തായാലും രാഷ്ട്രീയം ചൂടുപിടിക്കുന്ന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയിലേക്ക് വരെ നീണ്ട സംഭാഷണ ശകലം ചലച്ചിത്രത്തിന്റെ കരുത്ത് തെളിയിക്കുന്നു. പ്രേക്ഷകന്റെ ജീവിതവും സിനിമയും തമ്മിൽ എത്രമാത്രം ഇഴചേർന്നിരിക്കുന്നുവെന്ന് ഒന്നുകൂടി പറഞ്ഞു തരുന്നു. ശംഭോ മഹാദേവനും, സവാരിഗിരിഗിരിയും, നീ പോ മോനേ ദിനേശായുമൊക്കെ ഇനിയുമെത്തും. കുറിക്കു കൊള്ളുന്ന രാഷ്ട്രീയ ആയുധങ്ങളായി. ’