പുതുമുഖങ്ങൾ മിണ്ടാറില്ല; സെറ്റുകളിൽ ഒറ്റപ്പെടുന്ന അവസ്ഥയെന്ന് ഷീല

പുതിയ സിനിമകളുടെ ഷൂട്ടിങ് സെറ്റുകളില്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് തനിക്കെന്ന് നടി ഷീല. ‘പുതുമുഖങ്ങളാണ് ഇപ്പോള്‍ സിനിമ രംഗത്തുള്ളവരില്‍ ഭൂരിഭാഗവും. ഇവരാരും സെറ്റില്‍ തന്നോട് സംസാരിക്കാറില്ല’.–ഷീല പറയുന്നു.

‘എന്താണ് മിണ്ടാത്തതെന്ന് ചോദിക്കുമ്പോള്‍ ബഹുമാനം കൊണ്ടാണെന്നാണ് ചിലരുടെ മറുപടി. ഇങ്ങനെയൊരു അവസ്ഥയിൽ വീട്ടിലിരുന്നാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോവും. ഇപ്പോഴും പുതിയ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും കഥാപാത്രങ്ങളില്‍ സംതൃപ്തി തോന്നാത്തതിനാല്‍ പലതിനോടും നോ പറയാറാണ് പതിവ്. –ഷീല പറഞ്ഞു.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഷീല ഇക്കാര്യം തുറന്നു പറഞ്ഞത്.

ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ ഫാസില്‍, രഞ്ജി പണിക്കര്‍, നടന്‍ ഫഹദ് ഫാസില്‍, ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ്, നസ്രിയ, വിനയ് ഫോര്‍ട്ട്, വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരും പങ്കെടുത്തു.