അതിൽ എന്താണിത്ര അശ്ലീലം? ശ്രുതി മനസ്സുതുറക്കുന്നു

മലയാള സിനിമ ന്യൂജനറേഷൻ ആകുന്നതിനു മുൻപേ ന്യൂജെൻ പട്ടം കിട്ടയ നടിയാണു ശ്രുതി മേനോൻ മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന റോളുകൾ സന്തോഷത്തോടെ ഏറ്റെടുത്തു ചെയ്യുന്ന നടി. പരസ്യത്തിലായാലും സിനിമയിലായാലും ശ്രുതി മേനോനോട് ഉപമിക്കാൻ പറ്റിയ ഒരേ ഒരു നടിയേ മലയാളത്തിലുള്ളൂ അതു ശ്വേതാ മേനോൻ ആണ്.

ആദ്യചിത്രമായ സഞ്ചാരം മുതൽ ഒടുവിൽ റിലീസായ കിസ്മത് വരെ പരമ്പരാഗത സങ്കൽപങ്ങൾക്കു വിരുദ്ധമായ റോളുകളാണു ശ്രുതി തിരഞ്ഞെടുത്തത്. കിസ്മതിൽ 23 വയസുള്ള അന്യമതക്കാരനായ യുവാവിനെ പ്രണയിക്കുന്ന 28 കാരിയായ ദലിത് യുവതിയുടെ വേഷമാണു ശ്രുതിക്ക്, ശ്രുതിയുടെ വിശേഷങ്ങളിലേക്ക്

ആദ്യം പ്രേമിച്ചത് പെൺകുട്ടിയെ

എന്റെ ആദ്യ സിനിമയായ സഞ്ചാരത്തിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയമായിരുന്നു. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണ് മിസ് കേരള ഫസ്റ്റ് റണ്ണറപ്പായിരുന്നു. സ്കൂൾ പഠനം പൂർത്തിയാക്കി കോളജിൽ ചേരാൻ ഇരിക്കുന്ന സമയത്തായിരുന്നു ആദ്യത്തെ അഭിനയം. ഷിക്കാഗോയിലെ മലയാളി ലോയറായ ലിജി ജെ പുലാപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടിമാരെ ആവശ്യമുണ്ടെന്നറിഞ്ഞ് എന്റെ അങ്കിൾ ഞാൻ അറിയാതെ ഫോട്ടോസ് അയച്ചു കൊടുക്കുകയായിരുന്നു. ചിത്രത്തിലെ രണ്ടു നായികമാരിൽ ഒരാളായി ഞാൻ തിര‍ഞ്ഞെടുക്കപ്പെട്ടു

ലൈല എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഒട്ടേറെ വിദേശ ചലച്ചിത്രമേളകളിൽ സഞ്ചാരം പ്രദർശിപ്പിക്കുകയും ഒരുപാടു പുരസ്ക്കാരങ്ങൾ കിട്ടുകയും ചെയ്തിട്ടുണ്ട്. ആ സിനിമയ്ക്കു ശേഷം ഞാൻ മുംബൈയിലേക്കു തിരിച്ചുപോയി പഠിത്തം തുടർന്നു. ഇടയ്ക്കിടെയ്ക്കു പറ്റിയ റോൾ വരുമ്പോൾ അഭിനയിച്ചു. ഇല്ലാത്തപ്പോൾ ടിവി ആങ്കറിങ് ഒക്കെയായി നടന്നു.

ടോപ്‌ലെസ് മോശമല്ല

ഫോർവേഡ് മാസികയുടെ ഫോട്ടോ ഷൂട്ടിൽ ഞാൻ ടോപ്‌ലെസ്സായി അഭിനയിച്ചതിനെക്കുറിച്ച് അതിശയത്തോടെയും വിമർശനാത്മകമായും ഒക്കെ പലരും സംസാരിക്കാറുണ്ട്.

അതിൽ എന്താണിത്ര അശ്ലീലം? സ്വർണം അണിയാൻ ഇഷ്ടപ്പെടാത്ത ഒരു പെൺകുട്ടി അവളുടെ കല്യാണ ദിവസം വസ്ത്രം മാറുന്നതിനിയിൽ യാദൃശ്ചികമായി അമ്മയുടെയും അമ്മൂമ്മയുടെയും സ്വർണാഭരണങ്ങൾ കാണുകയും കൗതുകത്തോടെ ഓരോന്നോരോന്നായി എടുത്ത് അണിയുകയും ചെയ്യുന്നതായിരുന്നു സ്റ്റോറി. ആ തീമിന്റെ ഭംഗികൊണ്ടാണ് അഭിനയിക്കാൻ ഞാൻ തയാറായത്. അതിന്റെ ആർട്ടിസ്റ്റിക് വാല്യൂ മനസിലാകാതെ കുറ്റപ്പെടുത്തുകയും ക്രൂരമായി വിമർശിക്കുകയുമൊക്കെ ചെയ്തവരുണ്ട്. അതൊന്നും ഒട്ടും എന്നെ ബാധിച്ചിട്ടില്ല ബാധിക്കുകയുമില്ല. ടോപ്‌ലെസ്സായി അഭിനയിച്ചത് അശ്ലീലമായി എന്നു പറയുന്നവർക്ക് ഈസ്തറ്റിക് സെൻസ് കുറവായതുകൊണ്ടായിരിക്കാമെന്നേ എനിക്കു പറയാനുള്ളൂ.

ശ്രുതിയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് കാണാം

പൈലറ്റാകാൻ മോഹിച്ച നായിക

എന്റെ അച്ഛൻ ഉണ്ണിമേനോൻ പാലക്കാട് സ്വദേശിയാണെങ്കിലും മുംബൈയിൽ സെറ്റിൽഡാണ്. അച്ഛൻ മറൈൻ എൻജിനീയറാണ് അമ്മ ശശികല മേനോൻ എയർ ഇന്ത്യയിൽ എയർഹോസ്റ്റസായിരുന്നു. കുട്ടിക്കാലം മുതൽ വിമാനം കണ്ടും യാത്ര ചെയ്തും മനസിൽ അറിയാതെ വളർന്ന ആഗ്രഹം പൈലറ്റാവാനായിരുന്നു. പൈലറ്റ് പരിശീലന കോഴ്സിനു പ്രവേശനം കിട്ടി കലിഫോർണിയയിൽ പോകാൻ തയാറെടുത്തിരിക്കുമ്പോഴായിരുന്നു ലാൽജോസ് സാർ മുല്ലയിൽ അഭിനയിക്കാൻ വിളിക്കുന്നത്.

ദ് ചിക്കൻ സ്റ്റോറി

അഭിനയവും അവതരണവും കഴിഞ്ഞാൽ എനിക്കിഷ്ടം ചിക്കനാണ്. ഞാനും അനിയത്തി ഐശ്വര്യ മേനോനും കൂടി മുംബൈയിൽ ഹീരാനന്ദാനി ഗാർഡൻസിൽ കഴിഞ്ഞ വർഷം ഒരു ഫുഡ് ബിസിനസ് ആരംഭിച്ചു. ഓരോ ദേശത്തിനും അതതു സ്ഥലത്തിന്റെ തനതു രുചിയിലുള്ള ഒരു വിഭവമുണ്ടാവും. ലോകത്ത് എല്ലായിടത്തുമുള്ള സ്പെഷൽ ചിക്കൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു റസ്റ്ററന്റാണു ഞങ്ങൾ ആരംഭിച്ചത്. ദ് ചിക്കൻ സ്റ്റോറി എന്നാണു പേരിട്ടിരിക്കുന്നത്,

ഗായകരൊത്ത് ലോകം ചുറ്റൽ

യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിലം തൊടാതെ യാത്ര ചെയ്യാൻ എനിക്ക് അവസരം കിട്ടിയത് ഗായകൻ സോനു നിഗമിന്റെയും സംഘത്തിന്റെയും കൂടെ ചേർന്നപ്പോഴാണ്. കഴിഞ്ഞ നാലു വർഷമായി സോനു നിഗമിന്റെ പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നതു ഞാനാണ്. ഏതു വിദേശരാജ്യത്തു പോയാലും അവിടത്തെ സംസ്കാരം മനസിലാക്കുക, ഭക്ഷണം കഴിക്കുക, കഥ മനസിലാക്കുക ഇതൊക്കെ ഞാൻ നന്നായി ആസ്വദിക്കാറുണ്ട്.