സിദ്ദിഖിന്റെ മേയ്ക്കോവർ രഹസ്യം

മുടി നീട്ടിയും വെട്ടിയും മസിൽ ഉരുട്ടിയും ഉരുട്ടാതെയും പ്രായം കൂട്ടിയും കുറച്ചുമൊക്കെ നായകന്മാർ നടത്തുന്ന മേക്കോവറുകൾ വാർത്തയാകാറുണ്ട്. സംവിധായകർ ആവശ്യപ്പെടുമ്പോൾ മാത്രം രൂപമാറ്റങ്ങൾക്ക് നായകന്മാർ ഒരുങ്ങുമ്പോൾ ആരും ആവശ്യപ്പെടാതെ തന്നെ മാറുന്നതാണ് സിദ്ദിഖിന്റെ രീതി. ഒാരോ സിനിമയിലും ഒാരോ രൂപം ഒാരോ ഭാവം. കഴിഞ്ഞ സിനിമകൾ എടുത്തു നോക്കിയാലും വരാനിരിക്കുന്ന സിനിമകൾ നോക്കിയാലും സിദ്ദിഖ് ഒന്നിനൊന്ന് വ്യത്യസ്തനാണ്. ചില കഥാപാത്രങ്ങളെ കണ്ടാൽ ചിലപ്പോൾ സിദ്ദിഖ് പോലും തിരിച്ചറിഞ്ഞെന്നും വരില്ല.

ആരും ആവശ്യപ്പെടാത്ത മാറ്റം

ഇൗ മേക്കോവറുകൾക്കു പിന്നിൽ സംവിധായകരാണോ എന്നു ചോദിച്ചാൽ സിദ്ദിഖ് ചിരിച്ചു കൊണ്ട് അല്ല എന്നു പറയും. അങ്ങനെയെങ്കിൽ എല്ലാ നടന്മാർക്കും മേക്കോവർ വരില്ലേ ? എന്നു തിരിച്ചും ചോദിക്കും. സംവിധായകർ കഥാപാത്രത്തെക്കുറിച്ച് എന്നോടു പറയും. കഥാപാത്രത്തിന്റെ സ്വഭാവം പെരുമാറ്റം ഒക്കെ എങ്ങനെയെന്നു വിശദീകരിച്ചു തരും. അതൊക്കെ കേൾക്കുമ്പോൾ നമുക്ക് മനസ്സിൽ ഒരു ചിത്രം വരും. പിന്നീട് മേക്കപ്പ് മാനോട് പറഞ്ഞ് പറ്റിയ വിഗ്ഗ് ഒക്കെ സംഘടിപ്പിച്ച് നേരത്തെ പറഞ്ഞ മേക്കോവർ നടത്തും. എന്നിട്ട് സംവിധായകനെ കാണിക്കും. സംവിധായകൻ അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പറയും. അതിനനുസരിച്ചുള്ള മാറ്റം വരുത്തി ആ കഥാപാത്രത്തിന് ആ രൂപം നൽകും.

രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പുത്തൻ പണത്തിൽ ഹബീബ് എന്നൊരു പൊലീസുകാരന്റെ വേഷമാണ് എനിക്ക്. കുറച്ച് ക്രൂരതയുള്ള തനി പൊലീസ് സ്വഭാവമുള്ള കഥാപാത്രം. അപ്പോൾ അതിനായി കട്ടി മീശ വച്ചു. പുരികത്തിന്റെ കട്ടി കൂട്ടി. കഷണ്ടി അങ്ങനെ തന്നെ നിലനിർത്തി. മേക്കപ്പ് മാന്റെ സഹായത്തോടെ ഇതൊക്കെ ചെയ്തു കഴിഞ്ഞ രഞ്ജിത്തിനെ കാണിച്ചപ്പോൾ രഞ്ജിത്ത് ഡബിൾ ഒക്കെ. ഫുക്രിയിലാവട്ടെ 80 കഴിഞ്ഞ ഒരു വൃദ്ധന്റെ കഥാപാത്രമാണ്. പണവും പ്രൗഡിയുമുള്ള ആഡംബരത്തിനു ഒട്ടും കുറവില്ലാത്ത ധനാഢ്യൻ. ആ കഥാപാത്രത്തിനായി മുടി മൊട്ടയടിച്ച് താടി പ്രത്യേക സ്റ്റൈലിൽ വെട്ടി ഒത്ത കോസ്റ്റ്യൂം കൂടി ധരിച്ചു. രൂപം കണ്ടപ്പോൾ ഞാൻ മനസ്സിൽ കണ്ടത് ഇതു തന്നെയെന്നു സംവിധായകനും പറഞ്ഞു.

എനിക്ക് പേഴ്സണൽ മേക്കപ്പ് മാനൊന്നുമില്ല. അതാതു സിനിമകളിൽ ആരാണോ അവരുമായി സംസാരിച്ച് ലുക്ക് ഫിക്സ് ചെയ്യും. രൂപം നമുക്ക് ഇണങ്ങണം. അതു മാത്രമേയുള്ളൂ നിർബന്ധം. എന്റെയും മേക്കപ്പ് ചെയ്യുന്ന ആളുടെയും ശ്രമം അതിന് ആവശ്യവുമാണ്. ഇൻ ഹരിഹർ നഗറിൽ ആദ്യമായി ഞാൻ വിഗ് ഉപയോഗിച്ചപ്പോഴും സ്വന്തം ഇഷ്ടപ്രകാരം ചെയ്ത ശേഷം സിദ്ദിഖ്–ലാലുമാരെ കൊണ്ടു പോയി കാണിക്കുകയായിരുന്നു.

മുടി ഇല്ലായ്മ അനുഗ്രഹമായോ ?

മുടി ഇല്ലാത്തത് അനുഗ്രഹമായൊന്നും കാണുന്നില്ല, പക്ഷേ അതൊരു കുറവായിട്ടും തോന്നിയിട്ടില്ല. അതിനെ പോസിറ്റീവാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരുപാട് മുടിയുണ്ടായിരുന്നെങ്കിൽ എനിക്ക് ഇതു പോലെ വിഗ്ഗുകളെ ഒന്നും ആശ്രയിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോൾ എനിക്ക് സ്വതന്ത്രമായി വിഗ്ഗുകൾ തിരഞ്ഞെടുക്കാം, ലുക്കുകൾ മാറ്റാം. പൊതു സ്ഥലങ്ങളിൽ ഞാൻ കഷണ്ടിയോടെയാണ് പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും സിനിമകളിൽ എപ്പോഴും അതു പറ്റില്ല.

30 കൊല്ലം, 300 സിനിമകൾ

സിനിമയിലെത്തിയിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പക്ഷേ എത്ര സിനിമകളിലഭിനയിച്ചുവെന്നു ചോദിച്ചാൽ സിദ്ദിഖ് ഒന്നു തപ്പിത്തടയും. ‘അതിപ്പൊ ഒരു 200, 250... വർഷം 10 എണ്ണം ( 10 ഒന്നുമല്ല ) നോക്കിയാലും ഒരു 300 ആയിക്കാണും അല്ലേ ?. ഇതിന് കൃത്യമായി കണക്കൊന്നും സൂക്ഷിക്കാറില്ല ഞാൻ. ആത്മാർത്ഥതയോടെ അഭിനയിക്കുക. സത്യത്തിൽ സിനിമയിൽ ഇതു വരെ എത്തിയിട്ടില്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതു കൊണ്ട് ഇതു വരെ തിരിഞ്ഞു നോക്കിയിട്ടുമില്ല. തുടക്കക്കാരന്റെ എക്സൈറ്റ്മെന്റിലാണ് ഞാൻ ഇപ്പോഴും.’

25 വർഷങ്ങൾക്കു ശേഷം സംവിധായകൻ സിദ്ദിഖിനൊപ്പം

ഗോഡ്ഫാദർ എന്ന സൂപ്പർഹിറ്റ് സിനിമയുടെ 25–ാം വാർഷികാഘോഷം ഫുക്രി എന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നടന്നത്. ഗോഡ് ഫാദറിനു ശേഷം ഞാൻ അഭിനയിക്കുന്ന സിദ്ദിഖ് സിനിമ ഫുക്രിയാണ്. നീണ്ട 25 വർഷങ്ങൾ വേണ്ടി വന്നു ഞങ്ങൾക്ക് വീണ്ടും ഒന്നിക്കാൻ. ഇതു ഞാൻ സിദ്ദിഖിനോടും സൂചിപ്പിച്ചു. സിദ്ദിഖിനും വിശ്വസിക്കാനായില്ല ഇത്ര നീണ്ട ഇടവേള വന്നെന്ന വസ്തുത.

പാവാട എന്ന ചിത്രത്തിലെ അയ്യർ വക്കീൽ എന്ന കഥാപാത്രത്തെ കണ്ടാണ് ഫുക്രിയിൽ മുസ്ലിം തറവാട്ടിലെ കാരണവരുടെ റോളിലേക്ക് എന്നെ സിദ്ദിഖ് വിളിക്കുന്നത്. 25 വർഷങ്ങൾക്കു മുമ്പ് ഗോഡ്ഫാദറിൽ 30–ൽ താഴെ പ്രായമുള്ള ആളായിട്ട് ഞാൻ അഭിനയിച്ചു. ഇന്നിപ്പോ ഫുക്രിയിൽ 80 വയസ്സു കഴിഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇൻ ഹരിഹർ നഗർ‌ ടീമിൽ നിന്ന് ഇൗ റോളിൽ അഭിനയിക്കാൻ തനിക്കെ പറ്റു എന്നാണ് സിദ്ദിഖ് പറഞ്ഞത്. എന്നിലെ അഭിനേതാവിനു കിട്ടുന്ന വലിയ അംഗീകാരമായിരുന്നു ഇൗ വാക്കുകൾ.

എല്ലാ സിനിമകളും ചെയ്യും

ഞാൻ ഇൗ സിനിമയെ ചെയ്യൂ ആ കഥാപാത്രമേ അഭിനിയിക്കൂ എന്നൊന്നും എനിക്ക് നിർബന്ധമില്ല. വരുന്ന സിനിമകളിൽ പറ്റുന്നതൊക്കെ ചെയ്യാറുണ്ട്. ഫുക്രിയിൽ തന്നെ എന്നേക്കാൾ പ്രായമുള്ള ലാലിന്റെ അച്ഛനായിട്ടാണ് അഭിനയിക്കുന്നത്. ജയസൂര്യയുടെ മുത്തച്ഛനായും. അതിലൊക്കെ എനിക്ക് സന്തോഷമേയുള്ളു. സെലക്റ്റീവാകാൻ ഞാൻ ഒരുക്കമല്ല.