ഞാൻ തിരികെയെത്തിയപ്പോൾ നീയില്ലല്ലോ....

'നമ്മൾ' എന്ന ചിത്രത്തിലൂടെയായിരുന്നു ജിഷ്ണുവിനേയും സിദ്ധാർഥിനേയും പ്രേക്ഷകർ ആദ്യം കാണുന്നത്. അനാഥത്വത്തിൽ വളർന്ന ഉറ്റ ചങ്ങാതിമാരുടെ കഥ പറഞ്ഞ സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ സൗഹൃദത്തെ കുറിച്ചുള്ള സങ്കൽപ ചിത്രങ്ങളിൽ ജിഷ്ണുവും സിദ്ധാർഥും കൂടിയായി. അതിലൊരാളിതാ എന്നന്നേക്കുമായി ഈ ഭൂമി വിട്ട് അകന്നിരിക്കുന്നു. മറ്റേയാൾക്കും നമുക്കും ഒരുപാടൊരുപാട് വേദന സമ്മാനിച്ച്. ഫേസ്ബുക്കിൽ സിദ്ധാര്‍ഥ് കുറിച്ചത് വായിക്കുമ്പോൾ അത് എത്രത്തോളം ആഴമുള്ള നൊമ്പരമാണെന്ന് മനസിലാകും.

അടുത്ത സുഹൃത്താണ് കടന്നുപോയത്... അപകടത്തിന്റെ ആഘാതത്തിൽ നിന്ന് എന്നെ തിരികെയത്തിക്കാൻ വീട്ടിലേക്ക് ഓടി വന്ന് എന്നെ സന്തോഷിപ്പിച്ചയാൾ. ഇപ്പോള്‍ ഞാൻ തിരിച്ച് ജീവിതത്തിലേക്ക് വന്നപ്പോൾ അവൻ അവിടെയില്ല. യാഥാര്‍ഥ്യമെന്നത് സങ്കൽപ കഥകളേക്കാൾ വിചിത്രമാണ്. അടുത്ത സുഹൃത്തിന് ആദരാഞ്ജലി അർപ്പിച്ച് ഫേസ്ബുക്കിൽ സിദ്ധാർഥ് ഇങ്ങനെയാണ് എഴുതിയത്...

സിദ്ധാർഥിനേയും ജിഷ്ണുവിനെയും നേരിട്ട് അറിയാത്തവർക്ക് പോലും ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. ഇവരിരുവരും ഉറ്റ ചങ്ങാതിമാരാണെന്ന്. മറിച്ച് ചിന്തിക്കുവാൻ നമുക്കാകുമായിരുന്നില്ല. അത് ശരിയായിരുന്നു താനും. ജിഷ്ണുവിന്റെ അസുഖ വിവരം പുറത്തുവന്നപ്പോൾ സിദ്ധാർഥിന് അത് എന്തുമാത്രം സങ്കടമായിക്കാണും എന്ന് ആദ്യം ചിന്തിക്കാത്തവർ ആരുമുണ്ടാകില്ല. ഇടയ്ക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് സിദ്ധാർഥ് ആശുപത്രിയിലായപ്പോൾ മറിച്ചും. ഇപ്പോൾ ജിഷ്ണു മരണത്തിനൊപ്പം പോകുമ്പോൾ സിദ്ധാര്‍ഥിനെ കുറിച്ച് തന്നെയാണ് ആദ്യം ചിന്തിച്ചു പോകുന്നതും.