പ്രിയദർശൻ ചിത്രം ഗോൾഡൻ ഗ്ലോബിന്റെ അവസാന പട്ടികയിൽ

‘ഒപ്പം’ സിനിമ തിയറ്ററുകളിൽ വിജയിച്ചു മുന്നേറുമ്പോൾ പ്രിയദർശന് ആഘോഷിക്കാൻ മറ്റൊരു വാർത്ത കൂടി. എയ്ഡ്സ് ബോധവൽക്കരണം ലക്ഷ്യമിട്ട് അദ്ദേഹം സംവിധാനം െചയ്ത ‘സില സമയങ്ങളിൽ’ എന്ന തമിഴ് ചിത്രം ഗോൾഡൻ ഗ്ലോബ് നോമിനേഷനിലേക്കുള്ള അവസാന പത്തിലേക്കു നാമനിർദേശം ചെയ്തിരിക്കുന്നു. രാജ്യത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സംവിധായകനാണ് പ്രിയദർശൻ. 1988ൽ മീരാ നായരുടെ സലാം ബോംബെ അവസാന റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒക്ടോബർ ആറിനു അമേരിക്കയിലെ ബവറിഹിൽസിൽ ജൂറിക്കു മുന്നിൽ സിനിമ പ്രദർശിപ്പിക്കും. ഈ സിനിമയുടെ ലോക പ്രീമിയറും ഇതാകും. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു സിനിമകളാണ് അവാർഡിന്റെ അവസാന സ്ക്രീനിങ്ങിൽ ഉണ്ടാകുക.

165 രാജ്യങ്ങളിലെ സിനിമകളാണു പരിഗണിച്ചിരുന്നത്. ഇതിൽ 10 സിനിമയാണു പ്രാഥമിക ജൂറി തിരഞ്ഞെടുത്തത്. അവസാന രണ്ട‌ു റൗണ്ടുകളിലേക്കു തിരഞ്ഞെടുക്കപ്പെടുക എന്നതു വലിയ നേട്ടമാണ്. ഓസ്കറിലെ അഞ്ചു ജൂറി അംഗങ്ങളും ഈ പ്രദർശനം കാണും. അവർ തീരുമാനിച്ചാ‍ൽ ഓസ്കറിലെ അന്യഭാഷാ ചിത്രങ്ങളുടെ പ്രാഥമിക പട്ടികയിലേക്കും തിരഞ്ഞെടുക്കപ്പെടാം. എയ്ഡ്സ് പ്രമേയമാക്കിയ ഈ സിനിമ ഇന്ത്യയിൽ പൊതു പ്രദർശനം നടത്തിയിട്ടില്ല.

ഒരു ലാബില്‍ എച്ച്‌‍ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുക്കം കണ്ണു നിറയ്ക്കുകയും ചെയ്യുന്ന ചിത്രമാണ് ‘സില സമയങ്ങളിൽ’‍. പ്രകാശ് രാജ്, ശ്രേയ റെഡ്ഡി, അശോക് സെല്‍വന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ.എൽ. വിജയ് ആണ് നിർമാണം.