മദ്യലഹരിയില്‍ നടി; പിന്തുണച്ച് സിന്ധു ജോയ്

പൊതുപരിപായുടെ ഉദ്ഘാടന ചടങ്ങിന് മദ്യലഹരിയില്‍ എത്തിയ മലയാളത്തിലെ പ്രമുഖനടിയുടെ വിഡിയോ സോഷ്യല്‍മീഡിയയിലും മറ്റും വന്‍ചര്‍ച്ചയാകുന്നു. നടി മദ്യലഹരിയില്‍ നടത്തിയ പ്രസംഗവും തുടര്‍ന്നുണ്ടായ സംഭവങ്ങളുടെയും വിഡിയോ ആണ് വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുന്നത്. ഈ സംഭവത്തില്‍ നടിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി ആളുകള്‍ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.

നടിയെ പിന്തുണച്ച് രാഷ്ട്രീയപ്രവര്‍ത്തകയായ സിന്ധു ജോയ് രംഗത്തെത്തി. ഒരാളുടെ മാനസിക പിരിമുറുക്കമാണ് മദ്യപാനനത്തിന് കാരണമാകുന്നതെന്നും നമ്മുടെ കുടുംബത്തിലെ ഒരാള്‍ക്കാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നതെങ്കില്‍ നിങ്ങള്‍ ഇങ്ങനെയാണോ പ്രതികരിക്കുന്നതെന്നും സിന്ധു ജോയ് ചോദിക്കുന്നു.

സിന്ധു ജോയ് യുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-ഒരു നടി പൊതു ചടങ്ങില്‍ മദ്യപിച്ചെത്തിയ വാര്‍ത്ത! സാമൂഹിക മാദ്ധ്യമങ്ങളില്‍ ആക്ഷേപരൂപത്തില്‍ നിറഞ്ഞാടുകയാണ്. നടി അമിതമായി മദ്യപിച്ചു എന്ന് ബോധ്യപെട്ടാല്‍ അവരെ ആ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്താമായിരുന്നു. അമിതമായ മദ്യപാനം വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ഒക്കെ ബാക്കിപത്രമാണ്. മാനസിക പിരിമുറുക്കങ്ങള്‍ തരണം ചെയ്യാന്‍ ചെറുതായി ആരംഭിക്കുന്ന ഉപഭോഗമാണ് ഒരു മുഴു മദ്യപാനിയെ സൃഷ്ടിക്കുന്നത്.

ഓരോ വ്യക്തികള്‍ക്കും അവരുടെതായ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകും. നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തിനാണ് ഈ അവസ്ഥ ഉണ്ടായതെങ്കില്‍ നമ്മളവരെ ഇങ്ങനെ പരിഹസിക്കുമായിരുന്നോ? ഇത്തരക്കാരെ ആക്ഷേപിക്കുന്നതിന് പകരം അവര്‍ക്ക് ആവശ്യമായ പിന്തുണയും സാന്ത്വനവും നല്കാന്‍ നാം തയ്യാറാകണം. ഈ തിരിച്ചറിവും മാനസികാരോഗ്യ സാക്ഷരതയും നാം എന്നാണ് നേടിയെടുക്കുക? സിന്ധു ജോയ് ചോദിക്കുന്നു.

മദ്യപാനത്തിന് താന്‍ പൂര്‍ണമായും എതിരാണെന്നും ഈ പ്രശ്നത്തില്‍ എന്റെ നിലപാടില്‍ രാഷ്ട്രീയമില്ല മറിച്ച് സൈക്കോളജിക്കല്‍ ആണെന്നും സിന്ധു ജോയ് പറയുന്നു. ഞാനൊരു കൌണ്‍സിലിങ് സൈക്കോളജി വിദ്യാര്‍ഥിയാണ്. സിന്ധു ജോയ് പറയുന്നു.