വൃത്തിഹീനമായ തട്ടുകടകളാണു മലയാളികള്‍ക്ക് ഇഷ്ടം: ശ്രീനിവാസൻ

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജാഗ്രത പുലർത്തുന്ന മലയാളി ഭക്ഷണത്തിന്റെ കാര്യത്തിൽ തികഞ്ഞ അശ്രദ്ധയാണു കാട്ടുന്നതെന്നു നടനും സംവിധായകനുമായ ശ്രീനിവാസൻ. ഫ്രണ്ട്‌സ് ഖത്തർ കേരളീയം സാംസ്‌കാരികോൽസവത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മണ്ണും പൊടിയും നിറഞ്ഞ വൃത്തിഹീനമായ തട്ടുകടകളാണു മലയാളികളുടെ ഇഷ്‌ട ഭക്ഷണ കേന്ദ്രം. കേര നാടായ കേരളത്തിൽ പോലും മായം ചേർന്ന വെളിച്ചെണ്ണയാണു ലഭിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ പ്രതിരോധിക്കേണ്ടവർക്ക് ഇതിലൊന്നും താൽപര്യമില്ല.

ഭക്ഷണത്തിലും മരുന്നിലും മായം കലർത്തുന്നത് ഇന്ത്യയിൽ സർവ സാധാരണമായി. കേരളത്തിൽ ഒരോ വർഷവും പതിനായിരക്കണക്കിനു പേർക്കു കാൻസർ രോഗം ബാധിക്കുന്നു. പച്ചക്കറിയിലെ വിഷാംശം പരിശോധിക്കുമെന്നു പറയുന്ന സർക്കാർ അതിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കൊച്ചിയില്‍ സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന റീജണല്‍ കാന്‍സര്‍ സെന്ററിന്‍റെ ആവശ്യമില്ലെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. കാന്‍സര്‍ സെന്‍റര്‍ തുടങ്ങരുതെന്നും അതുകൊണ്ട്‌ ഒരു രോഗി പോലും രക്ഷപെടില്ലെന്നും ഇത്തരംസ്ഥാപനങ്ങൾ സ്ഥാപിക്കുന്ന തുകയുടെ ഒരംസം കൊണ്ട് വിഷമയമല്ലാത്ത പച്ചക്കറിപാടങ്ങൾ വിളയിക്കാനാകുമെന്നും ശ്രീനി പറയുന്നു.