അലോപ്പതി മരുന്ന് തേടിപ്പോകരുത്: ശ്രീനിവാസന്‍

സ്വയം മടുത്തതു കൊണ്ടാണ് പൊതു വേദിയിൽ പ്രതികരിക്കുന്നതെന്ന് നടൻ ശ്രീനിവാസൻ. ജനങ്ങളോടല്ലാതെ മറ്റാരോടും ഒന്നും പറയാനില്ല. രാഷ്ട്രീയത്തിൽ മുഴുവൻ അഴിമതിയാണ്. സ്വയം നന്നാവണമെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ അവർ അത് ഗൗനിക്കാറില്ല. തന്നെ വളരെ നിസാരനായ, അപ്രസക്തനായ വ്യക്തിയായാണ് അവർ കാണുന്നത്. നേരിട്ടു പല തവണ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയം ചെളിക്കുണ്ടാണ്. അതിലിറങ്ങി ശരീരത്തിൽ ‍ചെളി പറ്റിക്കുവാൻ ഉദ്ദേശ്യമില്ല. ജനങ്ങളെ സേവിക്കാൻ പല പല മാർഗങ്ങളുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. കൃഷിയും ഒരു മാർഗമാണ്. പനിക്കും അസുഖങ്ങൾക്കുമെല്ലാം അലോപ്പതി മരുന്ന് തേടിപ്പോകുന്നതാണ് നമ്മുടെ പരാജയം. എത്രയോ നാടൻ മരുന്നുകൾ നമുക്കുണ്ട്. അവ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കണം. പനി വന്നാൽ ഉടനെ പാരസെറ്റാമോൾ കഴിക്കുകയല്ല വേണ്ടത്.

സ്ത്രീകൾ കൂടുതൽ വായിക്കണം. അത് പുരുഷന്മാരോടൊപ്പം എത്താൻ വേണ്ടിയല്ല. സ്വയം ഉയരാൻ വേണ്ടിയാണ്. പുരുഷന്മാരെല്ലാം വലിയ വായനക്കാരൊന്നുമല്ല. സീരിയലുകൾ വലിയ നിലവാരത്തകർച്ചയിലേക്കാണ് പോകുന്നത്. സീരിയൽ കാണാൻ ആളുള്ളതുകൊണ്ടാണ് താരങ്ങൾ അതിൽ അഭിനയിക്കുന്നത്.