കാന്‍സര്‍ സെന്‍റര്‍; ഞെട്ടിക്കുന്ന തെളിവുകൾ സിനിമയാക്കുമെന്ന് ശ്രീനി

കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെതിരെ നടന്‍ ശ്രീനിവാസന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. കാന്‍സര്‍ സെന്‍റര്‍ തുടങ്ങരുതെന്നും അതുകൊണ്ട്‌ ഒരു രോഗി പോലും രക്ഷപെടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അപകടകരമായ ചില പ്രശ്‌നങ്ങള്‍ അതിന്റെ പിന്നില്‍ ഒളിഞ്ഞ് കിടപ്പുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു ശ്രീനിവാസന്‍ അന്നു പറഞ്ഞത്.

മുളന്തുരുത്തിയിലെ തുരുത്തിക്കര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷി ചോറിനൊരു കൂട്ടാന്‍ എന്ന പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു ശ്രീനിവാസന്‍ തന്‍റെ അഭിപ്രായം പ്രകടമാക്കിയത്. മന്ത്രി കെ. ബാബു വേദിയിലിരിക്കെയായിരുന്നു പ്രസ്‌താവന.

പിന്നീട് നാളിതുവരെയായിട്ടും ഇതിന്‍റെ തെളിവുകള്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയില്ല. മന്ത്രിയോട് പോലും നേരിട്ട് പറയാത്ത രഹസ്യം, സര്‍ക്കാരോ സര്‍ക്കാര്‍ ചുമതപ്പെടുത്തുന്ന ഉത്തരവാദപ്പെട്ട ആരെങ്കിലുമോ നേരിട്ട് ചോദിച്ചാല്‍ പറയാമെന്നായിരുന്നു അന്ന് ശ്രീനിവാസന്റെ മറുപടി. എന്നാല്‍ തെളിവുകള്‍ വെളിപ്പെടുത്താതിരുന്നത് താന്‍ ഒരുക്കുന്ന പുതിയ സിനിമയക്ക് വിഷയമാക്കാനാണെന്ന് ശ്രീനിവാസന്‍ പറയുന്നു.

സിനിമ ഇറക്കുന്നതിന് മുമ്പ് കഥ പറയുന്നത് ശരിയാവില്ലെന്നും താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാതിരുന്നത് താന്‍ ഒരു ഭീരുവായതുക്കൊണ്ടില്ല, സിനിമയക്ക് വേണ്ടി മാത്രമാണ് താനിത് പറയാതിരിക്കുന്നതെന്നും താരം പറഞ്ഞു.