മുഖ്യമന്ത്രിയാക്കിയാൽ മുസ്‌ലിം ലീഗിൽ ചേരാം: ശ്രീനിവാസൻ

മുഖ്യമന്ത്രിയാക്കിയാൽ താൻ‍ മുസ്ലിംലീഗിൽ ചേരാമെന്ന് നടൻ‍ ശ്രീനിവാസൻ. ഒലിവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ‍ ശ്രീനിവാസൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന പത്രവാർ‍ത്തകൾ സൂചിപ്പിച്ച മന്ത്രി എം. കെ. മുനീർ രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് ശ്രീനിവാസൻ മറുവെടി പൊട്ടിച്ചത്.

തന്നെ മുസ്ലിലീഗിലേക്കു മുനീർ സ്വാഗതം ചെയ്തിട്ടുണ്ട്. താൻ ആ പാർട്ടിയിൽ ചേരാൻ തയാറാണ്. പക്ഷെ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് തരികയും മുഖ്യമന്ത്രിയാക്കുകയും വേണം. അങ്ങനൊരു ഉറപ്പ് നൽ‍കാൻ കഴിയുമോ എന്ന് ശ്രീനിവാസൻ ചോദിച്ചു. താനും പത്രവാർ‍ത്ത കണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നറിഞ്ഞത്. സ്വതന്ത്രനായാണത്രേ മൽസരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥിയാവുക എന്നാൽ സ്വാതന്ത്ര്യം കളയുക എന്നാണെന്നും ശ്രീനിവാസൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പുണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്ന് സിപിഐഎം സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന വാര്‍ത്ത വെറും അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സ്ഥാനാർഥിയാകാനില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

'ഒരുകാലത്തും വോട്ട് ചോദിച്ച് ആരുടെയും വീട്ടിലേക്ക് വരില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. താന്‍ അരാഷ്ട്രീയവാദിയല്ല, മലിനീമസമായ രാഷ്ട്രീയസാഹചര്യം മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇന്നസെന്റിനെ മത്സരിക്കാന്‍ പ്രേരിപ്പിച്ച ആള്‍ തന്നെ ബന്ധപെട്ടിട്ടില്ല. അത്തരമൊരു വാര്‍ത്ത ശരിയല്ല. ആരുമായും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെകുറിച്ച് ഒരു ഫോണ്‍കോള്‍ പോലും നടത്തിയിട്ടില്ല. അധികാരരാഷ്ട്രീയത്തില്‍ താല്‍പര്യവുമില്ല' ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.