സീരിയലുകൾ ആസ്വദിക്കുന്നതു സ്ത്രീകളെ മാനസികമായി തളർത്തും: ശ്രീനിവാസൻ

സമൂഹത്തിൽ സ്ത്രീകൾ പുരുഷനോടൊപ്പം എത്താൻ നന്നായി വായനാശീലം വളർത്തണമെന്നു നടൻ ശ്രീനിവാസൻ പറഞ്ഞു. മട്ടന്നൂർ സ്വീറ്റ് ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടിവി സീരിയലുകൾ മാത്രം ആസ്വദിക്കുന്നതു മാനസികമായി തളർത്തും. ജനാധിപത്യം എന്തെന്ന് അറിയാതെയാണ് പല സ്ത്രീകളും വോട്ടു ചെയ്യുന്നത്. വായിച്ചു സ്വയം വളരാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്നും ശ്രീനിവാസൻ പറഞ്ഞു. വാർഷികാഘോഷം ഉദ്ഘാടനം പി.കെ. ശ്രീമതി എംപി നിർവഹിച്ചു.

ഡോ. സുചിത്ര സുധീർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ. ഭാസ്കരൻ, പി.വി. ധനലക്ഷ്മി, ഇ.പി. ഷംസുദ്ദീൻ, കെ.വി. പ്രശാന്ത്, വൽസൻ തില്ലങ്കേരി, എ. സുധാകരൻ, സജിനി സുധീഷ്, ലതിക വേണുഗോപാൽ, ചിന്നമ്മു ശിവദാസ് എന്നിവർ പ്രസംഗിച്ചു. മികച്ച വിദ്യാർഥികൾക്കു സ്കോളർഷിപ്പും വിതരണം ചെയ്തു. സാമൂഹിക പ്രവർത്തക ചിന്നമ്മു ശിവദാസ് നർത്തകി രോഹ്ന എന്നിവരെ ആദരിച്ചു. കലാപരിപാടികളും ഉണ്ടായി.