ശ്രീനിവാസന്റെ കൃഷി സംവിധാനം സൂപ്പർഹിറ്റ്

തൃപ്പൂണിത്തുറ കണ്ടനാട്ടെ ജൈവപച്ചക്കറി കൃഷിയിടത്തിൽ ശ്രീനിവാസൻ

വിഷുചന്തയിലെ വിഷം കുറയ്ക്കാനുള്ള ഒരുക്കത്തിലാണു നടൻ ശ്രീനിവാസനും സംഘവും. വീടിനടുത്തുള്ള കണ്ടനാട് പാടശേഖരത്തു നാലു വർഷം മുൻപു തുടങ്ങിയ ജൈവകൃഷി തുടർച്ചയായി ഹിറ്റ് ആയതിന്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായി ജൈവ പച്ചക്കറി തോട്ടങ്ങൾ ഒരുക്കുകയാണു ശ്രീനിവാസൻ.

സിനിമ ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ശ്രീനി ജൈവകൃഷിത്തോട്ടങ്ങളിലേക്കുള്ള യാത്രയിലാണ്. കണ്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിൽ മാത്രമല്ല, കൃഷി ചെയ്യാൻ ലഭിച്ച വീട്ടുവളപ്പുകളിലും അദ്ദേഹമെത്തുന്നു. ജൈവകൃഷിയിൽ നേടിയെടുത്ത അറിവുകൾ പങ്കുവച്ചും പരീക്ഷിച്ചും ഫലം നേരിട്ടറിഞ്ഞും ശ്രീനിവാസൻ തന്റെ കൃഷി സംവിധാനം തുടരുന്നു.

വൈക്കം, മറയൂർ, പാലക്കാട്, ആലത്തൂർ എന്നിവിടങ്ങളിലും ശ്രീനിവാസന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. കണ്ടനാട് പ്രധാനമായും കോവൽ, കണിവെള്ളരി, പച്ചവെള്ളരി, മത്തങ്ങ, കുമ്പളം, പാവൽ, പടവലം, വാഴ എന്നിവയും വൈക്കത്ത് ആറ് ഏക്കറിൽ രണ്ടായിരത്തോളം വാഴ, പടവലം, വെണ്ട എന്നിവയുമാണ്. മറയൂരിൽ ഒൻപതേക്കറിൽ കാബേജ്, കാരറ്റ് തുടങ്ങിയ ശീതകാല പച്ചക്കറികളും ആലത്തൂരിൽ അമര, കൊത്തമര, വെണ്ട, തക്കാളി എന്നിവയുമാണു കൃഷി ചെയ്യുന്നത്. ഏപ്രിൽ മുതൽ വിഷുവരെ എല്ലാ ദിവസവും കണ്ടനാട് ഉദയശ്രീ ഓർഗാനിക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കണ്ടനാട് ജംക്‌ഷനിലെ ജൈവ പച്ചക്കറി വിൽപന കേന്ദ്രത്തിൽ വിഷമില്ലാത്ത പച്ചക്കറികൾ എത്തിക്കും.

ജൈവ കർഷകരിൽ നിന്നു സംഭരിക്കുന്ന പഴം, പച്ചക്കറി ഇനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം വിൽക്കുന്നുണ്ട്. ശ്രീനിവാസന്റെ നേതൃത്വത്തിൽ 22 ഏക്കറിൽ നടത്തിയ നെൽകൃഷിയിൽ നിന്നുള്ള കുത്തരിയും വിൽപനയ്ക്കുണ്ട്. കൃഷി ഓഫിസർ ലിസിമോൾ വടക്കൂട്ട്, ഉദയശ്രീ പ്രസിഡന്റ് അബി എം രാജൻ, സെക്രട്ടറി മനു ഫിലിപ്പ് എന്നിവരും ഒപ്പമുണ്ട്.

∙വിൽപന കേന്ദ്രം: കണ്ടനാട് ജംക്‌ഷൻ കിഴക്കേ കവലയിൽ ഉദയശ്രീ ഓർഗാനിക് ഗ്രൂപ്പിന്റെ ജൈവ പച്ചക്കറി വിൽപന കേന്ദ്രം ∙സമയം: രാവിലെ 8.30 മുതൽ വൈകിട്ട് 7.30 ∙വില( കിലോ ഗ്രാമിന്) ജൈവ അരി- 75 രൂപ കോവയ്ക്ക: 50 രൂപ, അച്ചിങ്ങ-60 രൂപ, അമര-54 രൂപ, തക്കാളി- 60 രൂപ, വഴുതന-40 രൂപ, പടവലം- 40 രൂപ, പാവയ്ക്ക-80, ചേന- 50, ഏത്തയ്ക്ക- 55 രൂപ, ഞാലിപ്പൂവൻ- 50 രൂപ (ഇവിടെ പച്ചക്കറികൾക്കെല്ലാം ഒരു വർഷം ഒരേ നിരക്കാണ്. ഇനി അടുത്ത ഓണത്തിനു ശേഷമേ വിലയിൽ മാറ്റം വരൂ) വൈക്കോൽ: ഒരു മുടിക്കു നാലര രൂപ.