മണിയുടെ ഓർമയിൽ മകൾക്ക് മിന്നും വിജയം

അച്ഛന്റെ വേര്‍പാടിന്റെ കണ്ണീരുണങ്ങും മുന്‍പെയാണ് ശ്രീലക്ഷ്മി പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ആ വേദന ഉള്ളിലടക്കി അധ്യാപികയുടെ കൈപിടിച്ചാണ് പരീക്ഷയ്ക്ക് ശ്രീലക്ഷ്മി എത്തിയിരുന്നത്.

പ്രതിസന്ധികൾക്കിടയിൽ എഴുതിയ പരീക്ഷയിൽ ശ്രീലക്ഷ്മി മികച്ച വിജയം നേടി. നാല് എ പ്ലസും ഒരു ബി പ്ലസുമാണ് ഈ മിടുക്കി നേടിയത്. കലാഭവൻ മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണനാണ് ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിച്ചത്. സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി.

‘അഭിനന്ദനങ്ങൾ അമ്മുക്കുട്ടിക്ക്. പരീക്ഷ സമയത്ത് അച്ഛൻ നഷ്ട്ടപ്പെട്ട തീരാ ദുഃഖത്തിലും സി.ബി.എസ്.സി പത്താം ക്ലാസ്സ് പരീക്ഷയിൽ കലാഭവൻ മണി ചേട്ടന്റെ മകൾ ശ്രീലക്ഷ്മി 4 എ പ്ലസ്സും ഒരു ബി പ്ലസ്സും വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു; ഈ സന്തോഷ വാർത്ത ഏവരെയും അറിയിക്കുന്നു. രാമകൃഷ്ണൻ പറഞ്ഞു.

ശ്രീലക്ഷ്മി സിബിഎസ്ഇ പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ എഴുതാൻ പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെത്തിയത് അച്ഛന്റെ വേർപാടെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെയായിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. കാത്തുനിന്ന കൂട്ടുകാരികൾ ശ്രീലക്ഷ്മിയെ സ്നേഹത്തോടെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. ആ വേദനകൾക്ക് നടുവിൽ നിന്നാണ് ശ്രീലക്ഷ്മി അച്ഛനും അഭിമാനിക്കാവുന്ന വിജയം സ്വന്തമാക്കിയത്.

പല പൊതുപരിപാടികൾക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. രണ്ട് കസെറ്റുകളിൽ പാടി, നാടൻപാട്ടിന്റെ സുൽത്താന്റെ പാരമ്പര്യത്തികവറിയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പർഹിറ്റ് ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകൾക്ക് നൽകിയത്.