നരസിംഹം കണ്ട് 150 തവണ, പ്രിയതാരത്തിന്റെ വാക്കുകള്‍ക്കൊപ്പം നാരായണന്റെ ജീവിതം

വർഷങ്ങൾക്കു മുമ്പു ഗുരുവായൂരിൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നാരായണനെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു, ഇനി ഇങ്ങനെയായാൽ പറ്റില്ല. നല്ലൊരു പെൺകുട്ടിയെ താലികെട്ടി ജീവിക്കണം. ചെറിയൊരു കടയെങ്കിലും തുറന്ന് കച്ചവടം ചെയ്ത് ജീവിതമാർഗം കണ്ടെത്തണം. മനസ്സിലെ ആരാധനാമൂർത്തിയായ മോഹൻലാലിന്റെ വാക്കുകൾ ഇന്ന് നാരായണൻ സഫലമാക്കിയിരിക്കുകയാണ്. 

നാരായണനെ അറിയില്ലേ? ചെറുവത്തൂർ തിമിരി സ്വദേശി. മോഹൻലാൽ നായകനായി അഭിനയിക്കുന്ന സിനിമകൾ മാത്രം നൂറിലധികം തവണ കണ്ട് പ്രിയ താരത്തിന്റെ മുന്നിലേക്ക് എത്തിയ കടുത്ത ആരാധകൻ! ചിത്രം എന്ന സിനിമ 35 പ്രാവശ്യം കണ്ട നാരായണൻ, ലാൽ അഭിനയിച്ച സിനിമകളിൽ ഏറ്റവും കൂടുതൽ കണ്ടത് നരസിംഹമാണ്. 150 തവണ! 

രാവിലത്തെ ഷോ മുതൽ രാത്രിയിലെ സെക്കൻഡ് ഷോ വരെ കണ്ടു മടങ്ങുന്ന പ്രേക്ഷകനായിരുന്നു നാരായണൻ. മോഹൻലാലിന്റെ കടുത്ത ആരാധകനായ, കച്ചവടസ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നാരായണന്റെ കഥ വർഷങ്ങൾക്കു മുമ്പു മനോരമയുടെ ഞായറാഴ്ച പതിപ്പിലൂടെ അറിഞ്ഞ മോഹൻലാൽ നാരായണനെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. 

ചെറുവത്തൂരിലെ സിനിമാ പ്രവർത്തകനായ കെ.ടി. സുധാകരൻ, നാരായണനെ ലാലിന്റെ മുമ്പിലേക്ക് എത്തിച്ചു. ഗുരുവായൂരിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. തന്റെ സിനിമകൾ മാത്രം കണ്ടു നടക്കുന്ന നാരായണനെ ചേർത്തുപിടിച്ചു ലാൽ പറഞ്ഞു, ഇങ്ങനെയായാൽ പോരാ. കല്ല്യാണമൊക്കെ കഴിച്ച് ചെറിയൊരു തൊഴിലെടുത്ത് ജീവിക്കണം. 

പ്രിയ താരത്തിന്റെ വാക്കുകൾ കേട്ട നാരായണൻ അത് ജീവിതത്തിൽ അക്ഷരംപ്രതി പാലിക്കുകയാണിപ്പോൾ. ലാലിനെ കണ്ടുമുട്ടിയതോടെ പേരുതന്നെ ലാൽ നാരായണൻ എന്നായി മാറി. പിന്നീട് വിവാഹിതനുമായി. ഇതിനിടയിൽ ലാലിന്റെ സിനിമകൾ ഇറങ്ങുമ്പോൾ റിലീസിങ് ദിനത്തിൽ കാണുന്ന പ്രവണത നാരായണൻ തുടർന്നു.

ചെറുവത്തൂർ ടൗണിലെ കെഎഎച്ച് ആശുപത്രിക്ക് മുമ്പിൽ ചെറിയൊരു സ്റ്റേഷനറി കട തുറന്നു. ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ കഴിഞ്ഞദിവസം തന്റെ കടയുടെ മുമ്പിൽ നാരായണൻ വലിയൊരു ബോർഡ് വച്ചു. ലാൽ നാരായണൻ സ്റ്റേഷനറി സ്റ്റോർ എന്നാണ് ബോർഡിൽ എഴുതിയത്. ഇത് തന്റെ സ്വപ്നമാണെന്നാണ് നാരായണൻ പറയുന്നത്.