‘ആ കമന്‍റിന് ഇതുതന്നെ മറുപടി’

സുബി സുരേഷ്

സെലിബ്രിറ്റികളുടെ ഫെയ്സ്ബുക്ക് പേജിൽ മോശം കമന്റിടുന്നതും അവർ മറുപടി കൊടുക്കുന്നതുമൊന്നും ഇക്കാലത്ത വലിയ പുതുമയല്ല. പക്ഷേ തന്റെ ഒരു ഫോട്ടോയ്ക്ക് വന്ന അശ്ലീല കമന്റിന് ചലച്ചിത്ര താരം സുബി സുരേഷ് കൊടുത്ത മറുപടി കണ്ട എല്ലാവരും ഒന്നമ്പരന്നു. ഉരുളയ്ക്കുപ്പേരി പോലെ ഒരു മറുപടി.

ഒരു സ്ത്രീയുടെ മുഖത്ത് നോക്കി കമന്‍റ് അടിക്കുന്നതിന് തുല്യമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ക്ക് മോശം കമന്‍റ് എഴുതുന്നത്. ഫേസ്ബുക്കില്‍ അങ്ങനെ സജീവമല്ല ഞാന്‍. പേജ് മാനേജ് ചെയ്യുന്നവരാണ് ആ ചിത്രം പേജില്‍ പോസ്റ്റ് ചെയ്തത്. പിന്നീടാണ് ആ ചിത്രത്തിന് അടിയില്‍ വന്ന മോശം കമന്‍റ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രതികരിക്കേണ്ടിടത്ത് പ്രതികരണം. ആ പ്രതികരണം ഒട്ടും മോശമായിപോയെന്നും ഞാന്‍ കരുതുന്നില്ല. സുബി പറയുന്നു.

നമ്മുടെ അമ്മയെയും സഹോദരിമാരെയും മോശം പറഞ്ഞാല്‍ ആ പറഞ്ഞവനെ വീട്ടില്‍ചെന്നുവരെ തല്ലാനുള്ള ദേഷ്യം തോന്നാറില്ലേ. ആ ചോരത്തിളപ്പ് തന്നെയാണ് എനിക്കും ഉണ്ടായത്. സ്വന്തം വീട്ടുകാരെക്കുറിച്ച് നന്നായി ചിന്തിക്കുന്നവര്‍ ഇങ്ങനെയൊരു കമന്‍റ് ചെയുമോ? അമ്മയെയും സഹോദരിമാരെപ്പോലും ഒരുതവണപോലും ചിന്തിക്കാത്തവരാണ് ഇത്തരം കമന്‍റുകള്‍ എഴുതിപ്പിടിപ്പിക്കുന്നത്. ആ കമന്‍റ് കണ്ട് ആസ്വദിക്കുന്നവരുടെ എണ്ണവും കൂടുതല്‍. മറ്റുള്ളവര്‍ക്കൊരു ബുദ്ധിമുട്ട് ഉണ്ടാകുന്നത് കണ്ട് രസിക്കാനാണ് പലരും ഫേസ്ബുക്കില്‍ കയറി ഇരിക്കുന്നത്.

അത്തരമൊരു മോശം കമന്‍റിന് ഞാന്‍ കൊടുത്ത മറുപടി ഉചിതമായത് തന്നെയാണെന്നാണ് കരുതുന്നത്. ഒരുപാട് സ്ത്രീകള്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു. കലക്കി സുബീ, എന്നുവരെ പറഞ്ഞു. എന്നെപ്പോലെ നാളെ ഇതാര്‍ക്കും സംഭവിക്കാം. അവര്‍ക്കൊരു പ്രചോദമായി തീര്‍ന്നതില്‍ സന്തോഷമുണ്ട്.

നമ്മുടെ സിനിമയോ പരിപാടിയോ ചാനലിലൂടെ കാണുന്പോള്‍ ഇഷ്ടക്കുറവ് തോന്നാം. വിമര്‍ശിക്കുകയും ചെയ്യാം. അഭിനയം മോശമാണെന്ന് വരെ പറയാം. അത് അവരുടെ അവകാശമാണ്. എന്നാല്‍ അതിന് സ്ത്രീയെ പരസ്യമായി ഇത്തരത്തില്‍ അപമാനിക്കുന്നത് വേദനാജനകമാണ്.

ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ നാട്ടുകാര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ആ സമീപനമാണ് ആദ്യം മാറേണ്ടത്. നമ്മുടെ സ്വകാര്യതയാണ് ഇത്തരത്തിലുള്ള ആളുകള്‍ മോശമായി ചിത്രീകരിക്കുന്നത്. പൊതുസ്ഥലത്ത് , ഹോട്ടലില്‍ കയറുന്പോള്‍, പരിപാടിയില്‍ പങ്കെടുക്കുന്പോളൊക്കെ നമ്മുടെ സാരി നേരെയാണോ അവിടെ കാമറയുണ്ടോ എന്ന ഉത്കണ്ഠ ഏവരുടെയും മനസ്സില്‍ ഉണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും സിനിമാതാരങ്ങള്‍ തന്നെ.

സോഷ്യല്‍ മീഡിയ ഒരു സൗഹൃദകൂട്ടായ്മയില്‍ നിന്നു മാറി വൈരാഗ്യം കാണിക്കുന്ന മീഡിയ ആയി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ഫേസ്ബുക്ക് , വാട്ട്സാപ്പ് തുടങ്ങിയവ. അശക്തമായ നിയമസംവിധാനമാണ് പ്രധാനകാരണം.

ഇതിനെതിരെ ശക്തമായ നിയമസംവിധാനം കൊണ്ടുവരണം. സൈബര്‍സെല്ലുകള്‍ കൂടുതല്‍ ശക്തമാകണം. ചെറിയ കുട്ടികള്‍ പോലും മൊബൈലിലും മറ്റും എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നതെന്ന് അവര്‍ക്കുപോലും അറിയില്ല. ഇതൊക്കെ കൃത്യമായി ബോധവത്കരിച്ച് നേരെനയിക്കാന്‍ പ്രത്യേകനിയമപാലകരെ നിയോഗിക്കണം. സുബി പറഞ്ഞു.