സിനിമയിലെ ദേശീയഗാനം; എഴുന്നേറ്റ് നില്‍ക്കേണ്ടെന്ന് സുപ്രീംകോടതി

തിയറ്ററുകളില്‍ സിനിമയുടെയോ ഡോക്യുമെന്ററിയുടെയോ ഇടയിൽ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും കൂടെ പാടേണ്ടതില്ലെന്നും സുപ്രീം കോടതി വിധിച്ചു. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ വ്യക്തവരുത്തിയത്.

സിനിമ തുടങ്ങുന്നതിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുകയും ആ സമയം പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി സിനിമയിലെ രംഗത്തിന് ബാധകമാണോ എന്നതിലാണ് കോടതി വ്യക്തതവരുത്തിയത്.

കഴിഞ്ഞ വർഷം നവംബര്‍ 30നാണ് തിയറ്ററുകളിൽ സിനിമയ്ക്ക് മുന്നോടിയായി നിര്‍ബന്ധമായും ദേശീയഗാനം ആലപിക്കണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിധി വന്നതോടെ പല സ്ഥലങ്ങളിലും അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയും വലിയ വിവാദത്തിന് തിരികൊളുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചലച്ചിത്രമേളയിലും ഇതുസംബന്ധിച്ച് വലിയ വിവാദം പൊട്ടിപുറപ്പെട്ടിരുന്നു.