സുരേഷ്ഗോപിയുടെ പിറന്നാൾ ആഘോഷം പള്ളിപ്പുറത്തെ കുട്ടന്റെ ചായക്കടയിൽ

പിറന്നാൾ ആഘോഷിക്കാൻ പള്ളിപ്പുറത്തെത്തിയ സുരേഷ് ഗോപി എംപി വയോധികർക്ക് വസ്ത്രങ്ങൾ നൽകുന്നു

പള്ളിപ്പുറം തോന്നൽക്ഷേത്രത്തിനു സമീപമുള്ള ചായക്കടയിലെത്തി സുരേഷ്ഗോപി എംപി തന്റെ 58–ാമത് പിറന്നാൾ ബിജെപി പ്രവർത്തകരോടൊപ്പം ആഘോഷിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ നെടുമങ്ങാട് മണ്ഡലത്തിലെ പ്രചാരണത്തിനെത്തിയ നടൻ സുരേഷ്ഗോപി പ്രവർത്തകരോടൊപ്പം പള്ളിപ്പുറം തോന്നൽക്ഷേത്രത്തിന്റെ സമീപത്തുള്ള സുരേഷ്കുമാറിന്റെ(കുട്ടൻ) ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചത്.

വീടിനോടു ചേർന്ന ഇൗ ഹോട്ടലിലെ ഭക്ഷണം ഇഷ്ടപ്പെട്ട സുരേഷ്ഗോപി താൻ പിറന്നാൾ ആഘോഷിക്കാൻ പള്ളിപ്പുറത്തെ ചായക്കടയിലെത്തുമെന്ന് ബിജെപി നേതാക്കളെ തലേന്നാൾ അറിയിച്ചിരുന്നു. തുടർന്ന് ബിജെപി നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് എം.ബാലമുരളിയും പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വാർഡ് അംഗം വിജയകുമാറും ചേർന്നു ഒരുക്കങ്ങൾ നടത്തിയിരുന്നു. ഉച്ചയ്ക്ക് എത്തിയ സുരേഷ്ഗോപി പാർട്ടി പ്രവർത്തകരുമായി വിഭവസമൃദ്ധമായ സദ്യ ഉണ്ടു. 65 വയസ്സു കഴിഞ്ഞ വയോധികർക്ക് വസ്ത്രം നൽകുകയും ചെയ്തശേഷമാണ് തിരികെ പോയത്.