എന്‍എസ്എസ് നേതൃത്വത്തെ തിരുത്തണം: സുരേഷ് ഗോപി

എന്‍എസ്എസ് നേതൃത്വത്തെ സമുദായ അംഗങ്ങള്‍ തിരുത്തണമെന്ന് സുരേഷ് ഗോപി. ആര്‍ക്കും പെരുന്നയില്‍ ചെല്ലാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാക്കണം. പെരുന്നയില്‍ ചെന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയല്ല. ഇന്നലത്തെ സംഭവം വേദനയുണ്ടാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഏതെങ്കിലും തരത്തിൽ എൻഎസ്എസ് നേതൃത്വവുമായി സമവായത്തിനല്ല താൻ ശ്രമിക്കുന്നതെന്നും ഒരു തിരുത്തലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്നം സമാധിയിലും പെരുന്നയിലും സമുദായഅംഗങ്ങളായ ആർക്കും കയറിചെല്ലാവുന്ന ഒരു സാഹചര്യം ഉണ്ടാകണം. ഒരാൾ മാത്രമാണ് എല്ലാം എന്ന രീതി ശരിയല്ലെന്നും സുരേഷ് ഗോപി പറ‍ഞ്ഞു.

ഇന്നലെയാണ് അനുവാദമില്ലാതെ കടന്നുവന്ന നടൻ സുരേഷ്ഗോപിയെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടത്. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നത്.

തുടർന്ന് സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാൻ ജി. സുകുമാരൻ നായർ ആവശ്യപ്പെടുകയായിരുന്നു. ഈ ഷോ എൻഎസ്എസിനോട് വേണ്ടെന്നും അഹങ്കാരം ഞങ്ങളോട് കാണിക്കരുതെന്നും സുകുമാരൻ നായർ പറഞ്ഞു. സുകുമാരൻ നായരുടെ ഈ വാക്കുകൾ എൻഎസ്എസ് പ്രതിനിധികൾ കരഘോഷത്തോടെയാണ് വരവേറ്റത്.