ആദിവാസികള്‍ക്ക് രക്ഷകനായി സുരേഷ് ഗോപി

ഇടമലയാര്‍ വനാന്തരത്തിലെ പൊള്ളിന്‍ചുവട് ആദിവാസി കോളനിയില്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും താമസിക്കുവാന്‍ തക്കവിധം 10 കിടക്കകളുള്ള കമ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കുമെന്നു നടന്‍ സുരേഷ് ഗോപി പറഞ്ഞു.

കോളനി വാസികള്‍ക്കായി സുരേഷ് ഗോപി എട്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചു നല്‍കിയ 32 ശൌച്യാലയങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. ആദിവാസികളോടൊപ്പം പിറന്നാള്‍ സദ്യ ഉണ്ടാണ് സുരേഷ് ഗോപി തന്റെ പിറന്നാള്‍ ആഘോഷം നടത്തിയത്. ലഹരി വിരുദ്ധ ദിനമായിരുന്ന ഇന്നലെ കോളനിവാസികളെകൊണ്ട് ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചശേഷമാണു മടങ്ങിയത്.

ഗുരുവായൂര്‍ കിഡ്നി ഫൌണ്ടേഷന്‍ സെക്രട്ടറി ഉമാ പ്രേമന്റെ നേതൃത്വത്തിലാണു ശൌച്യാലയങ്ങള്‍ പണിതീര്‍ത്തത്. വേങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. പൌലോസ് അധ്യക്ഷനായിരുന്നു. കാണിക്കാരന്‍ രാജപ്പന്‍, ഡോ.ടി.എ. സുന്ദരമേനോന്‍, എസ്ടി പ്രമോട്ടര്‍ പി.കെ. പ്രകാശ്, ചെല്ലമ്മ രാമന്‍, വാര്‍ഡ് മെംബര്‍ രാജു എന്നിവര്‍ പ്രസംഗിച്ചു.