ഒരു ഭരണത്തിന്റെ ദുരന്തമാണ് ജനങ്ങൾ അനുഭവിക്കുന്നത്: സുരേഷ് ഗോപി

വെള്ളിത്തിരയെ വെല്ലുന്ന പഞ്ച് ഡയലോഗുകളുമായാണ് സൂപ്പർതാരം സുരേഷ് ഗോപി വേദികളിലെത്തിയത്. വാക്കുകൾക്ക് കൃത്യമായ താളം നൽകി, വേഗവും സ്ഫുടതയും യോജിപ്പിച്ചു സദസ്സിന്റെ കയ്യടികൾക്ക് ഇടവേളയൊരുക്കി കത്തിപ്പടരുന്ന ഡയലോഗുകൾ. കഥയും തിരക്കഥയും വേറെയാണെങ്കിലും വെള്ളിത്തിരയിൽ സുരേഷ് ഗോപി അവതരിപ്പിച്ച നായക കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ താരം വേദിയിൽ നിറഞ്ഞതോടെ സദസ്സും ഇളകിമറിഞ്ഞു. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ എൻഡിഎയുടെ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി എത്തിയ സുരേഷ് ഗോപിയുടെ പ്രസംഗങ്ങളിലെ ചില സൂപ്പർ ഡയലോഗുകൾ..

ഒരു ഭരണത്തിന്റെ ദുരന്തമാണിത്. ജനങ്ങളുടെ മുഖത്തടിച്ച് അഴിമതി നടത്തുന്നവർക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകും. കാലാകാലങ്ങളായി എയും ബിയും മാറിമാറിയാണ് ഇവിടെ ഭരണം നടത്തുന്നത്. ഇതിനിടയിലേക്ക് പ്രതീക്ഷയുമായി എത്തിയിരിക്കുന്നത് സി അല്ല, എ പ്ലസ്. ആണ്. പ്ലസ് എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും.

മോദി സർക്കാരിന്റെ ഭരണനേട്ടത്തിന്റെ അംഗം മഞ്ചേശ്വരം മണ്ഡലത്തിൽ എത്തും, കെ. സുരേന്ദ്രനെ അധികാരത്തിലെത്തിക്കുന്നതുവഴി നിങ്ങൾ വോട്ടർമാർക്കാണ് അത് ചെയ്യാൻ കഴിയുക. ഇക്കഴിഞ്ഞ കേരള നിയമസഭയിൽ അഞ്ച് ബിജെപി എംഎൽഎമാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഇൗ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കില്ലായിരുന്നു.

നിയമസഭയിൽ ബിജെപിയുടെ അംഗബലത്തെക്കുറിച്ചു കാര്യമാക്കുന്നില്ല. എന്നാൽ, ഭരണചക്രം തിരിക്കുന്നവരോട് ആജ്ഞാപിക്കുന്ന തരത്തിൽ ബിജെപി അംഗങ്ങൾ നിയമസഭയിലുണ്ടാകുമെന്നുറപ്പ്. രണ്ടു വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ വികസനങ്ങളെല്ലാം മോദിസർക്കാരിന്റെ വികസനച്ചരടിൽ നിന്നുള്ള ഗുണങ്ങളാണ്.

പാഴ്ച്ചെലവു വരുത്തുന്ന വികസന പദ്ധതികളെ അംഗീകരിക്കാൻ നമുക്കാവില്ല, അഞ്ചു വർഷം കൂടി പോയാൽ നഷ്ടപ്പെടുന്നത് 30 വർഷത്തെ വികസനങ്ങളാണ്. തിരഞ്ഞെടുപ്പിന് മുൻപു ഞാൻ വീണ്ടും കാസർകോടെത്തും, അത് പ്രധാനമന്ത്രി മോദിജിക്ക് ഒപ്പമായിരിക്കും.