എന്‍റെ കഥാപാത്രത്തെ വിലയിരുത്തേണ്ടത് പ്രേക്ഷകര്‍: സുരേഷ് ഗോപി

രുദ്രസിംഹാസനം എന്ന സിനിമയിൽ ലോകത്തെ കറുത്ത ശക്‌തികളെ തകർക്കുന്ന രുദ്രസിംഹൻ എന്ന യോഗിയുടെ കഥാപാത്രം തന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്‌ത അനുഭവങ്ങളിൽ ഒന്നായിരുന്നുവെന്നു നടൻ സുരേഷ് ഗോപി. പതിവു വേഷങ്ങളിൽ നിന്നു വ്യത്യസ്‌തമായി താൻ ചെയ്‌ത ദേവീ ഉപാസകന്റെ കഥാപാത്രമാണിത്. എങ്ങനെയുണ്ടെന്നു വിലയിരുത്തേണ്ടതു പ്രേക്ഷകരാണ്. രുദ്രസിംഹാസനത്തിന്റെ ഒറ്റപ്പാലത്തെ സെറ്റിൽ 22 ദിവസം താൻ അഭിനയിച്ചു. സുരേഷ് ഗോപി പറഞ്ഞു.

നാല്‌പതു ലക്ഷത്തോളം രൂപ ചെലവഴിച്ച് വരിക്കാശേരി മനയെ മനവത്തൂർ കോവിലകമാക്കി മാറ്റിയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. മൂന്നു നായികമാരാണ് ഈ ചിത്രത്തിൽ ഉള്ളത്.നിക്കി ഗിൽറാണി അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുക.മനവത്തൂർ കോവിലകത്തെ ഹൈമവതി തമ്പുരാട്ടിയാണ് നിക്കി ഗിൽറാണി.നായികയുടെ കഴിഞ്ഞ ജന്മത്തിലെ കുട്ടിക്കാലം മുതൽ യൗവ്വനം വരെയുള്ള കാലത്തിലൂടെ രുദ്രസിംഹാസനം കടന്നു പോകുന്നു.

മനവത്തൂർ കോവിലകത്തെ മോഹിനി ചിറ്റയായി കനിഹയും കോവിലകവുമായി ബന്ധമുള്ള ഉമയമ്മയായി ശ്വേത മേനോനും വേഷമിടുന്നു. വീരഭൈരവൻ എന്ന ദുർമന്ത്രവാദിയുടെ വേഷത്തിലെത്തുന്ന സുധീർ കരമനയുടെ താവളം,മനവത്തൂർ കോവിലകം,സർപ്പക്കാവ്,ഭദ്രകാളി വിഗ്രഹം തുടങ്ങിയ സെറ്റുകൾക്കായി 50 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്.ഒറ്റപ്പാലത്തെ മനിശേരി ദേവിദത്തൻ എന്ന ആനയും ഈ സിനിമയിൽ അഭിനയിക്കുന്നു.

അനന്തഭദ്രം എന്ന സിനിമയുടെ വിജയത്തിനു ശേഷം 12 വർഷം കഴിഞ്ഞ് സുനിൽ പരമേശ്വരൻ തിരക്കഥ രചിച്ച രുദ്രസിംഹാസനം, ഷിബു ഗംഗാധരനാണ് സംവിധാനം ചെയ്‌തത്.പ്രെയ്‌സ് ദ ലോർഡ് ആയിരുന്നു ഷിബുവിന്റെ ആദ്യ ചിത്രം.മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ഡോൾബി അറ്റ്‌മോസ് ശബ്‌ദ സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ജയശ്രീ കിഷോർ രചിച്ച് വിശ്വജിത്ത് ഈണമിട്ട ഗാനങ്ങളിൽ ഒന്നു ചിത്രീകരിച്ചത് മാർത്താണ്ഡത്തിനു സമീപമുള്ള ചിതറാൽ ഗുഹാ ക്ഷേത്രത്തിലായിരുന്നു.നാലു ഗാനങ്ങൾ അടങ്ങുന്ന സിഡികൾ മനോരമ മ്യൂസിക്ക് വിപണിയിൽ ഇറക്കുന്നു. നെടുമുടി വേണു,കലാഭവൻ ഷാജോൺ,നിഷാന്ത് സാഗർ,ദേവൻ,സുനിൽ സുഖദ തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.