‘ഷാൾ ഗോപി’ക്കാർക്ക് മറുപടിയുമായി സുരേഷ് ഗോപി

തന്നെ ‘ഷാൾ ഗോപി’യെന്നു വിളിച്ചവർക്കുള്ള മറുപടിയാണ് രാജ്യസഭാംഗത്വമെന്ന് സുരേഷ് ഗോപിയുടെ ആദ്യപ്രതികരണം. രണ്ടുവര്‍ഷം മുൻപ് താന്‍ നല്‍കിയ ഷാളാണ് ഇപ്പോഴും മുഖ്യ പരിപാടികള്‍ക്ക് പോകുമ്പോള്‍ അദ്ദേഹം ധരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞതായി സുരേഷ് ഗോപി അറിയിച്ചു.

രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സുരേഷ് ഗോപിയുടെ കുടുംബവും ഡൽഹിയിലെത്തിയിരുന്നു.

ഭാര്യക്കും മക്കള്‍ക്കും ഒപ്പം എത്തിയ സുരേഷ്‌ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ക്ഷണിച്ചതായി സുരേഷ് ഗോപി അറിയിച്ചു. കേരളീയ വേഷം ധരിച്ചാണ് സുരേഷ് ഗോപി ചടങ്ങിനെത്തിയത്.

കലാരംഗത്തെ പ്രതിനിധിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മേല്‍സഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. മലയാള സിനിമരംഗത്തു നിന്നും ആദ്യമായണൊരാള്‍ രാജ്യസഭയിലെത്തുന്നത്. ഉപരിസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന ആറാം മലയാളി.