റഹ്മാന് വേണ്ടി സൂര്യ വരുന്നു

"ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ് റഹ്മാൻ സാറിന്റെ 'പുതു പുതു അർത്ഥങ്ങൾ' എന്ന സിനിമ റിലീസാകുന്നത്. ആ സിനിമയും, അതിലെ പാട്ടുകളും അക്കാലത്തെ യഥാർത്ഥ ട്രെൻഡ് സെറ്റർ ആയിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ്‌ റഹ്മാൻ സാറിനോടുള്ള എന്റെ ആരാധന. അതിപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. 'സിങ്കം-2'ൽ അദ്ദേഹത്തെ ലോക്കപ്പിലിട്ട് മർദ്ദിക്കുന്ന ഒരു രംഗമുണ്ട്. അത് ചെയ്യാൻ ഒട്ടും താൽപ്പര്യമില്ലാതെ മാറി നിന്ന എന്നെ റഹ്മാൻ സാറും, സംവിധായകൻ ഹരി സാറും നിർബന്ധിച്ചാണ് ആ സീനിൽ അഭിനയിപ്പിച്ചത്. റഹ്മാൻ സാറിനോടുള്ള ആദരവും, ബഹുമാനവും അന്നും, ഇന്നും ഒട്ടും കുറയാതെ എന്നിലുണ്ട്. എന്റെ ആദ്യത്തെ സിനിമാ നിർമ്മാണ സംരംഭമായ '36 വയതിനിലെ'യിലെ നായകനും റഹ്മാൻ സാർ തന്നെയാണ്". പ്രമുഖ തമിഴ് ടി.വി.ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ റഹ്മാനെക്കുറിച്ച് സൂപ്പർ താരം സൂര്യ പറഞ്ഞതാണിത്.

"അന്നും ഇന്നും" എന്ന് സൂര്യ പറഞ്ഞത് തികച്ചും സത്യമാണെന്ന് ഇപ്പോൾ തെളിയുന്നു. റഹ്മാൻ നായകനായെത്തുന്ന, "ലാവെൻഡർ" എന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മെയ് 25-നു വൈകുന്നേരം 5 മണിക്ക് കൊച്ചിയിലെ ലുലു മാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സൂര്യ പങ്കെടുക്കും എന്ന് അറിയിച്ചിരിക്കുകയാണ്. സുഹൃത് ബന്ധത്തിന്റെ പേരിൽ റഹ്മാൻ സൂര്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോൾ , അദ്ദേഹം അതീവ താൽപ്പര്യത്തോടെ സമ്മതിക്കുകയായിരുന്നുവത്രെ. മലയാള സിനിമാ വ്യവസായത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ്‌ അന്യഭാഷയിലെ ഒരു സൂപ്പർ താരം തന്റേതല്ലാത്ത ഒരു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂര്യ കൊച്ചിയിൽ എത്തുമ്പോൾ ആരാധകരുടെ പ്രവാഹം തന്നെ അവിടേയ്ക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ദി കൗണ്‍സിൽ ഫിലിംസിന്റെ സഹായത്തോടെ ഭഗവതി ഗ്രൂപ്പ്, മിമോസ പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "ലാവെൻഡർ" രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത് നവാഗതനായ അൽത്താസ്.ടി.അലിയാണ്. റഹ്മാനെ കൂടാതെ അനൂപ്‌ മേനോൻ, അജു വർഗ്ഗീസ്, നിഷാൻ, ഗോവിന്ദ് പത്മസൂര്യ (ജി.പി), തലൈവാസൽ വിജയ്‌, ദില്ലി ഗണേഷ്, കൽപ്പന എന്നിവരും, പ്രശസ്ത ഇറാനിയൻ നടിയായ എൽഹാം മിർസയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവ് സംഗീത പകർന്ന നാല് ഗാനങ്ങൾ ചിത്രത്തിലുണ്ട്. പ്രശസ്ത പിന്നണി ഗായകൻ ശങ്കർ മഹാദേവന്റെ മകൻ സിദ്ധാർത്ഥ് മഹാദേവൻ മലയാളത്തിലാദ്യമായി പാടിയ "ചേരാതെ" എന്ന് തുടങ്ങുന്ന ഗാനമാണ് അവയിൽ ഹൈലൈറ്റ്. ബിന്ദ്ര മേനോൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് രഞ്ജിത് ടച്റിവറാണ്. "ലാവെൻഡർ" ജൂണ്‍ 4-ന് കേരളത്തിലെ തീയറ്ററുകളിൽ എത്തുന്നതാണ്.