രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്ക് ഒരു ടേക്ക് ഓഫ്

വേട്ടയ്ക്കുശേഷം രാജേഷ്പിള്ള ഫിലിംസിന്റെ ബാനറിലുള്ള അടുത്ത ചിത്രം മഹേഷ് നാരായണന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നു. ജീവിതത്തിൽ മറ്റെന്തിനേക്കാളും സിനിമയ്ക്ക് പ്രാധാന്യം കൽപിച്ച രാജേഷിന്റെ സ്വപ്നങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സുഹൃത്തുക്കളും ഭാര്യ മേഘയും ഒന്നിച്ചുള്ള പരിശ്രമത്തിലാണ്.

ഇതിനിടയിൽ രാജേഷ് പിള്ളയുടെ കുടുംബത്തിനെ സാമ്പത്തികമായി സഹായിക്കുവാനാണ് ചിത്രം തയാറാക്കുന്നതെന്ന് ചില സാമൂഹിക മാധ്യമങ്ങൾ കഥകളിറക്കി. ഈ ലോകത്ത് ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഒരാളെക്കുറിച്ച് അപവാദകഥകൾ പടച്ചിറക്കുന്നതിന്റെ മനോവിഷമത്തിലാണ് രാജേഷിന്റെ ഭാര്യയും കുടുംബവും സുഹൃത്തുക്കളും.

ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകുവാനുള്ള ശ്രമങ്ങൾക്കിടയിൽ കേൾക്കേണ്ടിവരുന്ന ഇല്ലാകഥകളെക്കുറിച്ച് മേഘ രാജേഷ് മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

‘ജീവിച്ചിരിക്കുമ്പോൾ രാജേഷേട്ടൻ എപ്പോഴും പറയുമായിരുന്നു സിനിമ കഴിഞ്ഞിട്ടേ ജീവിതത്തിൽ എനിക്കുപോലും സ്ഥാനമുള്ളൂ എന്ന്. വേട്ട അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുന്ന അവസാന സിനിമയാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. ആ സിനിമ എനിക്കു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സാമ്പത്തികമായി ‘ വേട്ട’ ഞങ്ങൾക്ക് ഒരു നഷ്ടവും നൽകിയില്ല. രാജേഷേട്ടൻ പോയിട്ട് 10 മാസങ്ങൾ ആയി. ഇന്നേവരെ എനിക്കോ ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കോ സാമ്പത്തികമായി ഒരു പരാധീനതയും ഉണ്ടായിട്ടില്ല.

ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ അദ്ദേഹം സ്വന്തം കാശാണ് ചെലവാക്കിയത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഏറ്റവുമധികം ഇഷ്ടപ്പെട്ടവയെയും കണ്ടിരുന്ന സ്വപ്നങ്ങളെയും മരണശേഷവും നിലനിർത്തിക്കൊണ്ടുപോകാൻ ഞങ്ങൾ ശ്രമിക്കുമ്പോഴാണ് ഇത്തരം അപവാദങ്ങൾ ആളുകൾ പറഞ്ഞുണ്ടാക്കുന്നത്. രാജേഷേട്ടൻ ജീവിച്ചിരുന്നപ്പോൾ ഞാൻ എല്ലാത്തിനും പിറകിലേ നിന്നിട്ടുള്ളൂ. ആരുടെ മുമ്പിലും കൈനീട്ടുവാൻ എന്നെ പഠിപ്പിച്ചിട്ടില്ല. അതിന്റെ ആവശ്യവുമില്ല.

സാധാരണ പ്രൊജക്ടുകൾക്ക് ആ പ്രൊജക്ടിന്റെ ഭാഗമാകാവുന്ന കലാകാരന്മാർ പ്രതിഫലത്തിൽ ചില ഇളവുകൾ നൽകാറുണ്ട്. കുഞ്ചാക്കോ ബോബനും പാർവ്വതിയും അതേ ഇളവുകൾ ടേക്ക്-ഓഫിനും നൽകിയിട്ടുണ്ട് ആന്റോ ജോസഫ് സിനിമ എന്ന രാജേഷിന്റെ സ്വപ്നത്തിന് ചുക്കാൻ പിടിക്കാൻ കൂടെ നിന്നു. അത് പക്ഷേ, രാജേഷ് പിള്ളയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനല്ല മറിച്ച് , രാജേഷ് പിള്ള എന്ന സുഹൃത്തിന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകാനാണ്.

മരിച്ച ഒരാളെക്കുറിച്ച് ഇല്ലാ കഥകൾ പറഞ്ഞു പരത്തുന്നത് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഉണ്ടാക്കിയ സൽപേരിന് കളങ്കമാവുകയാണ് മേഘ പറഞ്ഞു നിർത്തി. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പാർവതി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ടേക്ക്-ഓഫ് ജനുവരിയിൽ റിലീസിങ്ങിനൊരുങ്ങുമെന്നു കരുതുന്നു.