കർണാ, മറക്കരുത് മണിരത്നത്തിന്റെ ദളപതിയെ

രജനി, മമ്മൂട്ടി

കർണനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കുമ്പോൾ മണിരത്നത്തിന്റെ ദളപതിയെക്കുറിച്ച് ഓർക്കാതെ വയ്യ. ശരിക്കും കർണ്ണന്റെ ആത്മസംഘർഷങ്ങൾ പണക്കൊഴുപ്പിന്റെ പിൻബലമില്ലാതെ കാണിച്ചു തന്ന സിനിമയല്ലേ ദളപതി. പേരിൽപ്പോലുമുണ്ടല്ലോ സമാനതകൾ, ദളപതിയിലെ രജനിയുടെ കഥാപാത്രത്തിന്റെ പേര് സൂര്യയെന്നാണ്.

കർണന്റെ അനാഥത്വവും കുന്തിയുടെ മാതൃവ്യഥയുമൊക്കെ എത്ര മനോഹരമായിട്ടാണ് രജനികാന്തും ശ്രീവിദ്യയും അഭിനയിച്ചത്. ഞങ്ങളുടെ ദളപതിയെ കളഞ്ഞപ്പോൾ അമ്മ പൊതിഞ്ഞത് ഈ മഞ്ഞശേലയിലാണെന്ന് കേൾക്കുമ്പോൾ കണ്ണീർ അടക്കാനുള്ള ശ്രീവിദ്യയുടെ കഥാപാത്രം നടത്തുന്ന വിഫലശ്രമം കാണുമ്പോൾ ഇതിഹാസത്തിലെ കുന്തിയെ അല്ലേ ഓർമവരുന്നത്.

മകന് അമ്മയെ തിരിച്ചറിഞ്ഞിട്ടും അമ്മ മകനെ തിരിച്ചറിയാതെയിരിക്കുന്ന അവസ്ഥ, അനാഥത്വം ചിന്നതായവൾ രാസാവേ എന്ന പാട്ടിലൂടെ എത്ര ഹൃദയസ്പർശിയായിട്ടാണ് കാണിച്ചു തന്നത്. കർണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തിന്റെ മറ്റൊരു തലമായിരുന്നു ദളപതിയിലെ ദേവരാജനും സൂര്യയും തമ്മിലുള്ള സൗഹൃദം. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ അതിശക്തമായൊരു കഥാപാത്രമായിരുന്നു ദേവരാജൻ.

ഇഷ്ടപ്പെട്ടവളെ അരവിന്ദ്സ്വാമിയുടെ കളക്ടർ അനിയന് കഥാപാത്രം വിവാഹം കഴിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് ദ്രൗപദീസ്വയംവരത്തിൽ പങ്കെടുക്കാൻ അനുവാദമില്ലാതെ താലതാഴ്ത്തി നിൽക്കുന്ന കർണ്ണനെ തന്നയല്ലേ. ശരിക്കും മലയാളത്തിലെ കർണ്ണന്മാർ മത്സരിക്കേണ്ടത് മണിരത്നത്തിന്റെ ദളപതിയോടാണ്.

മമ്മൂട്ടിയുടെ പൃഥ്വിരാജിന്റെയും ഗാംഭീര്യമൊന്നുമില്ലെങ്കിലും രജനിയുടെ കർണ്ണനോളം വരുമോ ഈ രണ്ടു കർണന്മാരുമെന്ന് കാത്തിരുന്ന് കാണാം. ഒരു സിനിമയ്ക്ക് വേണ്ടത് പണക്കൊഴുപ്പല്ല, പ്രേക്ഷകന്റെ അന്തരാത്മാവിനെ തൊടാനുള്ള കഴിവാണ് വേണ്ടതെന്ന് ദളപതി ഓർമിപ്പിക്കുന്നു.