വീട്ടമ്മയ്‌ക്കെതിരെ അസഭ്യവർഷം; സാബുവിനെതിരെ പ്രതിഷേധം

വീട്ടമ്മയ്‌ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയ നടന്‍ തരികിട സാബുവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം. നടനെതിരെ പ്രതിഷേധം ശക്തമായതോടെ സാബുവിന്റെ ഫേസ്ബുക്ക് പേജും കാണാതായി. എന്നാൽ ഫേസ്ബുക്കിൽ ആളുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഫേസ്ബുക്ക് അധികൃതർ പേജ് പൂട്ടിയതാണെന്നും വാർത്തകൾ വരുന്നുണ്ട്.

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച വീട്ടമ്മയ്‌ക്കെതിരെയാണ് സാബു വേശ്യാ പരാമര്‍ശം നടത്തിയത്. ആരോപണം ഉന്നയിച്ച വീട്ടമ്മയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് സാബു തന്റെ രോഷം പ്രകടിപ്പിച്ചത്. ഏറ്റവും മോശമായ ഭാഷയിലായിരുന്നു വീട്ടമ്മയ്ക്ക് എതിെരയുള്ള സാബുവിന്റെ വിമർശനം.

പോസ്റ്റിനെതിരെ ഫെയ്‌സ്ബുക്കില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. സാബുവിനെതിരെ യുവതി പരാതി നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പേജ് കാണാതായത്. ഡല്‍ഹിയില്‍ താമസക്കാരിയായ മലയാളി വീട്ടമ്മയ്‌ക്കെതിരെയാണ് സാബു മോശം പരാമര്‍ശം നടത്തിയത്. അതേസമയം സാബുവിന്റെ പേജ് എങ്ങനെ അപ്രത്യക്ഷമായി എന്നത് സംബന്ധിച്ച് വിവരം ലഭ്യമല്ല.