കത്തിപ്പടരട്ടെ കത്തുകളിലെ പ്രണയം

ഹരിപ്പാട് മലയാളം പള്ളിക്കൂടത്തില്‍ ഒന്നിച്ചു പഠിക്കുകയും അഞ്ചാം ക്ലാസില്‍ നവോദയ സ്കൂളിലേക്ക് അഡ്മിഷന്‍ കിട്ടി പോകുകയും ചെയ്ത ചങ്ങാതി സൂരജിന്‍റെ കൈപടയില്‍ ‘God is love’ എന്ന തലവാചകത്തോടെ കിട്ടിയിരുന്ന  25 പൈസയുടെ പോസ്റ്റ് കാര്‍ഡുകളാണ് ആദ്യത്തെ കത്തോര്‍മ്മ. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തിലായിരുന്നു അത്.

കത്തുകളിലൂടെ ഹൃദയം കൈമാറുന്ന വഴക്കം പഴക്കം ചെന്ന കാലത്ത് ജനിച്ചതു കൊണ്ടാവാം പ്രണയലേഖനങ്ങള്‍ കൈമാറാനോ കൈപ്പറ്റാനോ ഭാഗ്യം സിദ്ധിച്ചതുമില്ല. പിന്നീടു കത്ത് ലഭിക്കുന്നത് 21 നൂറ്റാണ്ടിലാണ്. പ്രസ് അക്കാദമിയില്‍ സഹപാഠിയായിരുന്ന ഇടുക്കിക്കാരന്‍ സോജന്‍റെ വകയായിരുന്നു ആ കത്തുകൾ. ഒരു വാട്ട്സ്ആപ്പ് ചാറ്റിനും വീഡിയോ കോളിനും പകര്‍ന്നു നല്‍കാന്‍ കഴിയാത്ത ഊഷ്മളതയും സൗരഭ്യമുണ്ടായിരുന്നു ആ കത്തുകള്‍ക്ക്. 

കത്തുകളിലൂടെ കൈമാറുന്നത് കേവലം ചില അക്ഷരങ്ങള്‍ മാത്രമല്ല മറിച്ച് ഹൃദയത്തിന്‍റെ ഭാഷ തന്നെയാണ്. ലോക പ്രശസ്തമായ പല കത്തുകളും നമുക്ക് പരിചിതമാണ്. നെഹ്റു മകള്‍ ഇന്ദിരാ പ്രിയദര്‍ശിനിക്കു അയച്ച കത്തുകള്‍, വാന്‍ഗോഗ് സഹോദരന്‍ തീയോയ്ക്ക് അയച്ച കത്തുകള്‍ അങ്ങനെ നീളുന്നു ആ പട്ടിക. 

കത്തുകളെ പ്രണയിച്ചവരും കത്തുകളിലൂടെ പ്രണയിച്ചവരും ചരിത്രത്തില്‍ ഒട്ടേറെ പേരുണ്ട്. കത്തുകള്‍ പ്രമേയമോ പ്രധാന കഥാപാത്രമാകുകയും ചെയ്ത സിനിമകളുമുണ്ട്. ഈ ലേഖനം എഴുതാനുള്ള പ്രേരണ തന്നെ എന്ന് നിന്‍റെ മൊയ്തീന്‍ എന്ന ചലച്ചിത്രമാണ്.   ഈ സിനിമയുടെ പേരില്‍ തന്നെ തുടങ്ങുന്നു കത്തുകളുടെ കൗതുകം. എന്‍റെ കാഞ്ചനക്കുട്ടിക്ക് എന്ന വിശേഷണത്തോടെ മൊയ്തീന്‍ കാഞ്ചനമാലയ്ക്ക് എഴുതിയിരുന്ന കത്തുകളുടെ എല്ലാം അവസാനത്തെ വരി എന്ന് നിന്‍റെ മൊയ്തീന്‍ എന്നായിരുന്നു. #673602 എന്ന ടാഗും സിനിമയുടെ പേരിനൊപ്പമുണ്ട്. കാഞ്ചനയുടെയും മൊയ്തീന്‍റെയും അനശ്വര പ്രണയത്തിനു സാക്ഷിയായ മുക്കത്തിന്‍റെ പോസ്റ്റല്‍ കോഡാണിത്. 

നീണ്ട 10 വര്‍ഷകാലം ഒരിക്കല്‍ പോലും നേരിട്ടു കാണാന്‍ കഴിയാതെ ഇരുന്ന കാഞ്ചനയും മൊയ്തീനും കരുത്താര്‍ജ്ജിച്ചതും പ്രതീക്ഷയുടെ തിരിനാളം അണയാതെ കാത്തതും കത്തുകളിലൂടെ പകര്‍ന്നു കിട്ടിയ ശക്തിയിലൂടെയാണ്. കത്തുകള്‍ നിരന്തരം പിടിക്കപ്പെട്ടപ്പോള്‍ അവര്‍ അവര്‍ക്കു വേണ്ടി പുതിയൊരു ലിപി തന്നെയുണ്ടാക്കി. ലിപി ഏതായാലും അവര്‍ കത്തുകളിലൂടെ ഹൃദയത്തിന്‍റെ ഭാഷയില്‍ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. മൊയ്തീന്‍റെ കത്തുകള്‍ ഇപ്പോഴും കാഞ്ചന നിധി പോലെ സൂക്ഷിക്കുന്നു. 

2010ലെ തൃശൂര്‍ രാജ്യന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം അപര്‍ണ സെന്നിന്‍റെ ജപ്പാനീസ് വൈഫ്(The Japanese Wife). കൂണാല്‍ ബസുവിന്‍റെ ഇതേ പേരിലുള്ള നോവലിനു ചലച്ചിത്രഭാഷ്യം ചമക്കുകയായിരുന്നു സെന്‍. 

ബംഗാളിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ സ്നേഹമോയ് ചാറ്റര്‍ജിയും ജപ്പാനീസ് യുവതി മിയാഗിയും തൂലിക സൗഹൃദത്തിലൂടെയാണ് അടുപ്പത്തിലാകുന്നത്. കത്തുകളിലൂടെ അവരുടെ സൗഹൃദം ദൃഢമാകുന്നു. കത്തുകളിലൂടെ അവര്‍ പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യുന്നു. ആര്‍ട്ട്ഹൗസ് സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ബോസാണ് സ്നേഹമോയ് ചാറ്റര്‍ജിയുടെ വേഷത്തില്‍ എത്തുന്നത്. ജപ്പാനീസ് അഭിനേത്രി ചിക്കുസാ താക്കാക്കുവാണ് മിയാഗിയായി എത്തുന്നത്. 

ഇവര്‍ക്കും മൊയ്തീനെയും കാഞ്ചനയെയും പോലെ ഒന്നിക്കാന്‍ കഴിയുന്നില്ല. അതേ വര്‍ഷം നടന്ന തിരുവനന്തപുരം രാജ്യന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകര്‍ തിര‍ഞ്ഞെടുത്ത മികച്ച ചിത്രവും ജപ്പാനീസ് വൈഫായിരുന്നു. തൃശൂര്‍ രാജ്യന്തര ചലച്ചിത്ര മേളയില്‍ തന്നെ കത്തുകള്‍ പ്രേമേയമായ മറ്റൊരു ചിത്രം കൂടി കാണാനിടയായത് യാദ്യചികതയാകാം. അകാലത്തില്‍ പൊലിഞ്ഞു പോയ മോഹന്‍ രാഘവന്‍ എന്ന പ്രതിഭയുടെ ആദ്യത്തേതും അവസാനത്തേതുമായ സിനിമയായിരുന്നു അത്.

ദീര്‍ഘകാലം നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മോഹന്‍ ഏറെകാലം മനസ്സില്‍ തലോലിച്ച കഥയാണ് റ്റി.ഡി. ദാസന്‍ സ്റ്റാൻഡേഡ് VI B എന്ന പേരില്‍ സിനിമയാകുന്നത്. മൊയ്തീനിലും ജപ്പാനീസ് വൈഫിലും കത്തുകള്‍ പ്രണയത്തിന്‍റെ പ്രതീകമായിരുന്നു. എന്നാല്‍ റ്റി.ഡി. ദാസന്‍ എന്ന ആറാം ക്ലാസുകാരന്‍ കത്തുകളിലൂടെ കണ്ടെത്താന്‍ ശ്രമിച്ചത് സ്വന്തം അച്ഛനെയാണ്. അച്ഛനെക്കുറിച്ചു ദാസനു കേട്ടുകേള്‍വി മാത്രമേ ഉള്ളു. അച്ഛന്‍റെ പഴയ മേല്‍വിലാസം തപ്പിപ്പിടിച്ചു ദാസന്‍ കത്തുകള്‍ എഴുതി തുടങ്ങുന്നു. അച്ഛന്‍റെ സ്നേഹ-വാത്സല്യങ്ങളാണ് ഓരോ മറുപടിയിലൂടെയും അവന്‍ ഏറ്റുവാങ്ങിയത്. ആ കത്തുകള്‍ക്കു മറുപടി എഴുതിയിരുന്നത് അച്ഛനല്ലെങ്കിലും. മോഹന്‍ രാഘവനെ പോലെ തൃശൂര്‍ രാജ്യന്തര ചലച്ചിത്ര മേളക്കും ആയുസുണ്ടായില്ല 2011 ഓടെ സാമ്പത്തിക പരാധീനതകള്‍ കാരണം തൃശൂര്‍ മേള തീരശീല താഴ്ത്തി. 

പ്രണയത്തിന്‍റെ പ്രവാചകനായ ലെബനീസ് കവി ഖലീല്‍ ജിബ്രാനും പ്രണയിനി മെസിയാദയും ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ല. അവര്‍ പ്രണയിച്ചത് അത്രയും കത്തുകളിലൂടെയായിരുന്നു. ബഷീറിന്‍റെ കേശവന്‍ നായര്‍ യൗവനതീഷണവും പ്രേമസുരഭിലവുമായ തന്‍റെ പ്രണയം സാറാമ്മയ്ക്കു കൈമാറുന്നതും കത്തുകളിലൂടെയാണ്. കത്തുകളും പ്രണയവും കാലത്തെ അതിജീവിച്ച് മുന്നോട്ട് പോകട്ടെ...കഥ തുടരട്ടെ...