ആടു ജീവിത‍ത്തിൽ നിന്ന് വിക്രം പിൻമാറാൻ കാരണം

വിക്രം മലയാള സിനിമയിൽ അഭിനയിക്കുന്നുവെന്ന് കുറെ കാലമായി വാർത്തകൾ വരുന്നു, ആടു ജീവിതം എന്ന ചിത്രത്തിൽ വിക്രം കേന്ദ്രകഥാപാത്രത്തെ അവതിപ്പിക്കുമെന്നാണ് അവസാനം കേട്ട വാർത്ത. എന്നാൽ ആടുജീവിതത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാെണന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. പിന്നെ വിക്രം വരുന്നെന്ന വാർത്തകൾ എങ്ങനെയുണ്ടായി? സംവിധായകൻ ബ്ലെസി തന്നെ ഇതിന്റെ സത്യാവസ്ഥ മനോരമ ഒാൺലൈനോട് വെളിപ്പെടുത്തുന്നു.

വിക്രവുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. ആടുജീവിതം എന്ന സിനിമയുടെ കഥ ആദ്യം പറഞ്ഞിട്ടുള്ളത് വിക്രത്തോടാണ്. നജീം എന്ന കേന്ദ്ര കഥാപാത്രം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു . ‌ ആദ്യം വിക്രമാണ് ഇൗ റോൾ ചെയ്യാനിരുന്നത്, എന്റെ കാഴ്ച എന്ന ചിത്രവും വിക്രം ചെയ്യാനിരുന്നതാണ്. പിന്നെ പല കാരണങ്ങളാൽ മാറി പോകുകയായിരുന്നു.

പക്ഷേ, നജീം എന്ന കഥാപാത്രത്തിനു വേണ്ടി ശാരീരികമായി ഒരു പാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ശരീരം വളരെ മെലിയണം. നല്ല തടിയുള്ള ഒരാൾ തീരെ മെലിഞ്ഞ് മൃഗതുല്യമായ അവസ്ഥയിലെത്തുന്ന ഒരു മാറ്റം കഥാപാത്രത്തിനുണ്ടാവേണം. പോസ്റ്ററിൽ തന്നെ ഇൗ മാറ്റം തിരിച്ചറിയേണ്ടതുണ്ട്.

വിക്രത്തിന് ഇനി തീരെ മെലിയാൻ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ഐ എന്ന സിനിമയ്ക്ക് വേണ്ടി വിക്രം മെലിഞ്ഞ സമയത്ത് വേണമെങ്കിൽ ചെയ്യാമായിരുന്നു. പക്ഷേ ചിത്രത്തിന്റെ ഒരുക്കങ്ങളൊന്നും പൂർത്തിയായിരുന്നില്ല. എങ്കിലും അദ്ദേഹം തന്നെ പല വേദികളിലും പറയാറുണ്ട് എന്നോടൊപ്പം ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന്. അതുണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ, സംവിധായകൻ ബ്ലെസി പറഞ്ഞു.