സിനിമാ തിയറ്റര്‍ സമരം പിന്‍വലിച്ചു

സിനിമാ തിയറ്റര്‍ സമരം പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ച സാഹചര്യത്തിലാണ് തീരുമാനം.

അംഗങ്ങള്‍ക്കിടിയലെ കടുത്ത അഭിപ്രായഭിന്നതകള്‍ക്കിടെയായിരുന്നു എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ ജനറല്‍ ബോഡി യോഗം. പ്രേമം വിവാദത്തില്‍ സംവിധായകനും നിര്‍മാതാവിനും പിന്തുണ നല്‍കി വ്യാഴാഴ്ച തിയറ്ററുകള്‍ അടച്ചിട്ടിരുന്നു. എന്നാല്‍ ഇതുവഴി നിര്‍മാതാവിന്‍റെ ഒരുദിവസത്തെ വരുമാനം ഇല്ലാതാക്കിയതല്ലാതെ വേറൊരു പ്രയോജനവും ഉണ്ടായില്ലെന്ന് ഫെഡറേഷനിലെ ഒരുവിഭാഗംതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

വൈഡ് റിലീസിങ്ങിന്‍റെ പേരില്‍ ഇന്നലെ ആരംഭിച്ച സമരത്തില്‍നിന്ന് ചില ഉടമകള്‍ പിന്‍മാറി, ബാഹുബലി പ്രദര്‍ശിപ്പിച്ചത് ഭിന്നത കൂടുതല്‍ പുറത്തുകൊണ്ടുവന്നു. ചിത്രത്തിന്‍റെ വിതരണക്കാര്‍ക്ക് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് ഫെഡറേഷന്‍ നേതൃത്വം മറുപടി പറയേണ്ടി വരും. കോമ്പറ്റീഷന്‍ കമ്മീഷന്‍റെ ഉത്തരവ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി വിതരണക്കാരുടെ സംഘടന ബാഹുബലി പ്രദര്‍ശിപ്പിക്കാത്ത തിയറ്ററുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് വൈഡ് റിലീസിങ്ങിന്‍റെ പേരിലല്ല, പ്രേമത്തിന്‍റെ വിഷയത്തില്‍തന്നെയാണ് സമരമെന്ന് പ്രഖ്യാപിച്ചത് സംഘടനയെ കൂടുതല്‍ പരിഹാസ്യമാക്കിയെന്നാണ് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.