സെസ് നിരക്ക്: സിനിമാ തിയറ്ററുകൾ അടച്ചു സമരത്തിന് ഉടമകൾ

സിനിമാ ടിക്കറ്റ് സെസ് നിരക്ക് അഞ്ചിൽനിന്നു മൂന്നു രൂപയായി കുറച്ച സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ചു നാളെ തിയറ്ററുകൾ അടച്ചു സൂചനാ പണിമുടക്കു നടത്തുമെന്ന് ഉടമകൾ. ‌‌ഉത്തരവു പിൻവലിച്ചില്ലെങ്കിൽ മേയ് രണ്ടു മുതൽ അനിശ്ചിതകാല സമരം നടത്തും.

കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവയ്ക്കു കീഴിലുള്ള തിയറ്ററുകൾ, കാർണിവൽ ഗ്രൂപ്പിന്റേത് ഉൾപ്പെടെയുള്ള മൾട്ടിപ്ലക്സുകൾ എന്നിവിടങ്ങളിൽ നാളെ പ്രദർശനമുണ്ടാകില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ അറിയിച്ചു.

സെസ് അഞ്ചു രൂപയാക്കാൻ കഴിഞ്ഞ ഡിസംബർ 17നു മന്ത്രിസഭയാണു തീരുമാനിച്ചത്. എന്നാൽ, വീണ്ടും മൂന്നു രൂപയാക്കാനാണു ഫെബ്രുവരി 18നു മന്ത്രിസഭ തീരുമാനിച്ചത്.

ടിക്കറ്റ് വിൽപനയുടെ ചുമതല സ്വകാര്യ കമ്പനിക്കു കുത്തകയാക്കി നൽകിയതു വകുപ്പു മന്ത്രി ഉൾപ്പെടെയുള്ളവരുടെ എതിർപ്പിനെ മറികടന്നാണ്. ഓരോ ടിക്കറ്റിനും 50 പൈസ വീതം ഈടാക്കുന്നതു വഴി കേരളത്തിലെ തിയറ്ററുകളിൽനിന്നു 12 കോടി രൂപ തട്ടിയെടുക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ബഷീർ പറഞ്ഞു.