കടുവയാണേലും പിടിച്ചതു പുലിവാൽ !

മലയാള സിനിമയിൽ അഭിനയിക്കാൻ വന്ന കടുവ ദോഹയിലെ വഴിയിൽ ഇറങ്ങി ഓടിയതും സംഭവം സാമൂഹികമാധ്യമങ്ങളിൽ വൈറലായതും അടുത്തിടെയാണ്. ഇന്ത്യയുടെ ദേശീയ മൃഗമായിട്ടും കടുവയെ സിനിമയിലെടുക്കാൻ ദോഹ വരെ പോകണോ എന്നു സംശയിക്കാം. നിയമങ്ങൾ വളരെ കർശനമാക്കിയതോടെ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കാൻ നാടുവിടേണ്ട അവസ്ഥയിലാണു സിനിമാക്കാർ.

കടുവയും പുലിയുമുൾപ്പെടെ പരിശീലനം ലഭിച്ച വന്യമൃഗങ്ങൾ ഇന്ത്യയിലില്ല. പരിശീലനം ലഭിച്ച മൃഗങ്ങളെ ലഭിച്ചാലും ഇവയെവച്ചു സിനിമ ചിത്രീകരിക്കുന്നത് അനിമൽ വെൽഫെയർ ബോർഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാകണം എന്നുണ്ട്.

ഷൂട്ടിങ്ങിനു നാലു ദിവസം മുൻപ് ലൊക്കേഷൻ കൃത്യമായി അറിയിച്ചിരിക്കണം. സെറ്റിലേക്ക് എട്ടുമണിക്കൂറിലധികം തുടർച്ചയായി വണ്ടിയിൽ മൃഗങ്ങളെ കൊണ്ടുപോകരുത്. വലിയ ശബ്ദങ്ങളും ലൈറ്റുമുള്ളിടത്തു ഷൂട്ടിങ് പാടില്ല. പത്തിലേറെ മൃഗങ്ങളുണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടണം...തുടങ്ങി അനേകം നിർദേശങ്ങളാണുള്ളത്.

നരസിംഹത്തിലാണു മലയാളത്തിൽ ഒടുവിൽ സിംഹത്തെ ചിത്രീകരണത്തിനായി കൊണ്ടുവന്നത്. മോഹൻലാലിന്റെ പുതിയ ചിത്രമായ പുലിമുരുകനിൽ, ലാലും പുലിയുമൊത്തുള്ള സീനുകൾ തായ്‌ലൻഡിലാണു ചിത്രീകരിച്ചത്.