ഒരു മെക്സിക്കൻ അപാരതയിൽ ടൊവീനോയ്ക്കൊപ്പം നീരജ്

മലയാളത്തിൽ യുവതാരങ്ങളിൽ ശ്രദ്ധേയരായ നീരജ് മാധവും ടൊവീനോ തോമസും ഒന്നിക്കുന്നു. നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരത എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ജവാൻ ഓഫ് വെള്ളിമല എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ അനൂപ് കണ്ണൻ നിർമാതാവ് ആകുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിൽ ഭാഗമാകുന്ന കാര്യം നീരജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ടൊവീനോയ്ക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും നീരജ് പങ്കുവച്ചു.

‘സിനിമയിലേക്കുള്ള ഞങ്ങളുടെ വരവ്‌ ഏകദേശം ഒരേ സമയത്തായിരുന്നു. പലപ്പോഴും കണ്ടു മുട്ടുമ്പോൾ പുതിയ സിനിമകളും ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങളും മുന്നിലുള്ള കടമ്പകളും ആശങ്കകളും ഒക്കെ ഞങ്ങളുടെ ചർച്ചാവിഷയം ആവാറുണ്ട്‌. സിനിമയോട്‌ ഒരേപോലെ പാഷൻ ഉള്ള രണ്ട്‌ പേർ ഒന്നിക്കുമ്പോൾ, ഒപ്പം വ്യക്തമായ രാഷ്ട്രീയ അവബോധവും കാഴ്ചപ്പാടും ഉള്ള ഒരാൾ സംവിധായകനാകുമ്പോൾ, പിന്നെ ചുക്കാൻ പിടിച്ചുകൊണ്ട്‌ ഏറെ പ്രവൃത്തിപരിചയമുള്ള മറ്റൊരു സംവിധായകൻ നിർമ്മാതാവുമാകുമ്പോൾ അതു ചില നല്ല നിമിത്തങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു.’ നീരജ് പറയുന്നു.

പണ്ട്‌ നാടുവിട്ട ചാക്കൊ മാഷിന്റെ മോൻ രൂപേഷ് പീതാംബരൻ വീണ്ടും പുതിയ ഭാവത്തിൽ ഇറങ്ങുന്നതും ഒരാവേശമാണെന്നും ഇതു സാധാരണക്കാരന്റെ സിനിമയാണു, സാധരണക്കാരന്റെ കഥയാണെന്നും നീരജ് കൂട്ടിച്ചേർത്തു.

ഇതിനിടെ നീരജിന്റെ ഈ കുറിപ്പിന് താഴെ രസകരമായൊരു മറുപടിയുമായി രൂപേഷ് പീതാംബരനും എത്തി. ‘ചാക്കോ മാഷ് അല്ല എന്റെ അപ്പൻ, പീതാംബരൻ ആണെന്നായിരുന്നു’ രൂപേഷിന്റെ കമന്റ്. ‘ക്ഷമിക്കൂ പീതാംബർജീ ’ എന്നായിരുന്നു രൂപേഷിന്റെ കമന്റിന് നീരജ് നൽകിയ മറുപടി.