ഗപ്പി കണ്ടു കാശുപോയ പ്രേക്ഷകന് ടൊവിനോയുടെ കോംപൻസേഷൻ

ഗപ്പി എന്ന സിനിമ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത ടൊവിനോ തോമസ് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് എഴുതി. ‘‘ഗപ്പി എന്ന സിനിമ കണ്ട് അതിന് വേണ്ട പ്രോത്സാഹനം തന്ന, അതിനെപ്പറ്റി നാലു പേരോട് നല്ലത് പറഞ്ഞ എല്ലാ നല്ല മനസ്സുകൾക്കും ഒരായിരം നന്ദി! കണ്ടവർക്കൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നു. കാണാത്തവർ കണ്ടു നോക്കൂ...’’–ഇങ്ങനെയായിരുന്നു ടൊവിനോയുടെ കുറിപ്പ്.

അതിന് താഴെ ഒരാൾ കമന്റിട്ടു. ‘‘ചിത്രം കണ്ടിട്ട് പൈസ പോയി’’ എന്നായിരുന്നു ആ വിരുതന്റെ കമന്റ്. ഉടൻ വന്നു ടൊവീനോയുടെ മറുപടി. എത്ര പൈസ പോയി? പറഞ്ഞോളൂ. ബാങ്ക് അക്കൗണ്ട് പറയൂ. ഞാൻ ട്രാൻസ്ഫർ ചെയ്തു തരാം. കമന്റടിച്ചവൻ മറുപടി പറഞ്ഞില്ലെങ്കിലും ടൊവീനോയുടെ മറുപടി വൈറലായി. കമന്റടിച്ചവനും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു മറുപടി.

ഗപ്പി തിയറ്ററുകളിൽ നിന്ന് മികച്ച വിജയമാണ് കൈവരിക്കുന്നത്. നവാഗതനായ ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ചിത്രത്തിൽ മാസ്റ്റർ ചേതൻ ആണ് ടൊവീനയ്ക്കൊപ്പം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.