ട്രെയിനിൽ സിനിമ: വലിയ ടിക്കറ്റ് എടുക്കേണ്ടിവരും...‍

സിനിമയും ട്രെയിനും തമ്മിൽ പണ്ടു മുതൽ നല്ല ബന്ധമാണ്. നമ്പർ 20 മദ്രാസ് മെയിലിലും ചെന്നൈ എക്സ്പ്രസിലും ദിൽവാലേയിലുമൊക്കെ നമ്മൾ അത് കണ്ടതാണ്. എന്നാൽ സ്റ്റേഷനിലേക്കു ക്യാമറ തിരിച്ചാൽ കാശ് പോകുമെന്ന സ്ഥിതിയായതോടെ മലയാള സിനിമ പതുക്കെ റയിൽവേയെ മറന്നിരുന്നു. എന്നാൽ ഇടക്കാലത്ത് വീണ്ടും ട്രെയിൻ പശ്ചാത്തലമാകുന്ന ചിത്രങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്നീ സിനിമകൾ പ്രേക്ഷകരെ ട്രെയിനിൽ കയറ്റി. നോർത്ത് 24 കാതം, പാസഞ്ചർ, മുല്ല, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, സമാന്തരങ്ങൾ, ട്രെയിൻ, നാദിയ കൊല്ലപ്പെട്ട രാത്രി, കിലുക്കം, ഹസ്ബൻഡ്സ് ഇൻ ഗോവ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകളിലും ട്രെയിൻ കടന്നു വന്നു.

റയിൽവേ പരിസരത്തു ഷൂട്ട് ചെയ്യുന്നതിനു 25,000 മുതൽ ഒരു ലക്ഷം രൂപ വരെയാണു റയിൽവേ ഈടാക്കുന്നത്. അഞ്ചു കോച്ചുകൾ ഉൾപ്പെട്ട പ്രത്യേക ട്രെയിനിനു 2.5 ലക്ഷം രൂപയാണു പ്രതിദിന വാടക. സെക്യൂരിറ്റി ഡിപ്പോസിറ്റായി അഞ്ചു ലക്ഷം രൂപയും നൽകണം. സ്റ്റേഷനുകൾക്കനുസരിച്ചു പ്രതിദിന വാടക വ്യത്യാസപ്പെടും. ഡിപ്പോസിറ്റ് തുക പിന്നീട് തിരികെ കിട്ടുമെങ്കിലും വലിയ ചെലവുകളാണ് മലയാള സിനിമയെ ട്രെയിൻ യാത്രയിൽ നിന്ന് അകറ്റുന്നത്.

റയിൽവേ നടപടി ക്രമങ്ങളാണു പലപ്പോഴും ചലച്ചിത്ര പ്രവർത്തകരെ ട്രെയിനിന്റെ സെറ്റിടാൻ പ്രേരിപ്പിക്കുന്നതെന്നു നിർമാതാവായ ആന്റോ ജോസഫ് പറയുന്നു. ഇവൻ മര്യാദരാമൻ എന്ന സിനിമക്കു വേണ്ടി പഴനിയിൽ ട്രെയിന്റെ സെറ്റിട്ടതിനു 22.5 ലക്ഷം രൂപയാണു ചെലവാക്കിയത്. കുറച്ചു ഭാഗം മാത്രമേ യഥാർഥ ട്രെയിനിൽ എടുത്തിട്ടുള്ളു. നമ്പർ 20 മദ്രാസ് മെയിലിനു ശേഷം സിനിമയുടെ മുക്കാൽ പങ്കും ട്രെയിനുമായി ബന്ധപ്പെട്ടു ചിത്രീകരിച്ച ചിത്രമാണ് ഒരു സെക്കൻഡ് ക്ലാസ് യാത്ര. പ്രതിദിനം നാലു ലക്ഷം രൂപ വാടകയിനത്തിൽ റയിൽവേയ്ക്കു നൽകിയെന്നു പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ്.കുമാർ പറയുന്നു. മുൻപത്തെക്കാൾ വേഗത്തിൽ അനുമതി ലഭിക്കുമെങ്കിലും വാടക നിരക്ക് കൂടുതലാണെന്നു ദീപു പറയുന്നു.

സുരക്ഷിതത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ കണക്കിലെടുത്താണ് ചിത്രീകരണത്തിനായി ചെറിയ സ്റ്റേഷനുകൾ വിട്ടു നൽകുന്നതെന്നു തിരുവനന്തപുരം ഡിവിഷൻ സീനിയർ കൊമേഴ്സ്യൽ മാനേജർ വി.സി.സുധീഷ് പറയുന്നു. 25,000 കിലോവാട്ട് വൈദ്യുതി കടന്നു പോകുന്ന വൈദ്യുതി ലൈനിനു കീഴിലാണ് പലപ്പോഴും ക്രെയിൻ ഉപയോഗിച്ചുള്ള ചിത്രീകരണം. സുരക്ഷ വളരെ പ്രധാനമാണ്. ട്രെയിൻ സർവീസുകളെ ബാധിക്കാതെ നോക്കുകയും വേണമെന്ന് അദ്ദേഹം പറയുന്നു.

അതേ സമയം മറ്റു ഭാഷാചിത്രങ്ങൾക്കു ബജറ്റുള്ളതിനാൽ റയിൽവേ ചിത്രീകരണം പ്രശ്നമല്ല. പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന പുതിയ ധനുഷ് ചിത്രത്തിനു വേണ്ടി കോടികളാണു നിർമാതാക്കളായ സത്യജ്യോതി ഫിലിംസ് റയിൽവേയ്ക്കു നൽകുന്നത്. രണ്ടു മാസത്തോളം പൂർണമായും ട്രെയിനിൽ ചിത്രീകരിക്കുന്ന സിനിമയായിരിക്കും ഇത്കഴിഞ്ഞ വർഷം മധ്യ റയിൽവേ സിനിമാ ചിത്രീകരണത്തിൽ നിന്നു നേടിയതു 1.23 കോടി രൂപയാണ്. ഡോക്യുമെന്ററി പിടിച്ച വകയിൽ ബിബിസി മാത്രം റയിൽവേയ്ക്കു 62.83 ലക്ഷം രൂപ നൽകി. മുൻപ് റയിൽവേ , ബോണ്ട് സീരിസിലെ സ്കൈഫാളിനു ചിത്രീകരണ അനുമതി നിഷേധിച്ചതു വാർത്തയായിരുന്നു. ട്രെയിന്റെ മുകളിൽ ആളുകൾ യാത്ര ചെയ്യുന്നതു കാണിക്കരുതെന്ന നിബന്ധന പാലിക്കാൻ തയാറാകാത്തതിനെത്തുടർന്നായിരുന്നു ഇത്.

റയിൽവേ സ്റ്റേഷനുകളും ട്രെയിനുകളുമെല്ലാം കൂടുതൽ അഭിനയിക്കുന്നതു തെലുങ്ക്, തമിഴ് സിനിമകളിലാണ്. പുനലൂർ -ചെങ്കോട്ട പാത ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുൻപു പ്രധാന പാട്ട് ലൊക്കേഷൻ തെന്മലയ്ക്കടുത്തുള്ള 13 കണ്ണറ പാലമായിരുന്നു.മുൻപ് മീറ്റർഗേജായിരുന്ന പാലക്കാട്- പൊള്ളാച്ചി പാതയിലെ ആൽ മരങ്ങൾ തണൽ വിരിക്കുന്ന മനോഹരമായ ചെറിയ സ്റ്റേഷനുകൾ പ്രിയദർശന്റെ മേഘം, വെട്ടം തുടങ്ങിയ സിനിമകളിൽ കാണാം.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ റയിൽവേ സ്റ്റേഷന്റെയും ട്രെയിനിന്റെയും സെറ്റുണ്ട്. ഈ സ്റ്റേഷൻ അഞ്ചു മിനിറ്റ് കൊണ്ടു ചെന്നൈ സെൻട്രലും ഷൊർണൂർ ജംക്ഷനുമൊക്കെ ആക്കി മാറ്റിത്തരും. എന്നാൽ ഒറിജിനൽ തന്നെ വേണമെന്നു ചലച്ചിത്ര പ്രവർത്തകർ തീരുമാനിച്ചതോടെ തെലുങ്ക് സിനിമ വീണ്ടും യഥാർഥ റയിൽവേ സ്റ്റേഷനുകളിലെത്തിനിൽക്കുകയാണ്. 2012ൽ 20 സിനിമകളാണ് ആന്ധ്രയിലെ വിവിധ സ്റ്റേഷനുകളിൽ ചിത്രീകരിച്ചത്. തമിഴ് സിനിമകളും ധാരാളം. കാർത്തി നായകനായ ബിരിയാണി എന്ന തമിഴ് സിനിമയിൽ കാണുന്നതു ഹൈദരബാദിലെ കാച്ചിഗുഡ സ്റ്റേഷനാണ്.

ബോളിവുഡ് സിനിമകൾ ഉളളതിനാൽ രണ്ടു കോടി രൂപ വരെ മുംബൈ ആസ്ഥാനമായ സെൻട്രൽ റയിൽവേ പ്രതിവർഷം നേടുന്നു. . യഥാർത്ഥ ട്രെയിനിനുള്ളിലെ ചിത്രീകരണം അത്ര എളുപ്പമുളള സംഗതിയല്ലെന്ന് ചലച്ചിത്ര പ്രവർത്തകർ പറയുന്നു. ആംഗിളും ലൈറ്റുമൊക്കെ വലിയ പ്രയാസമാണ്. സെറ്റാണെങ്കിൽ മേൽക്കൂര സൗകര്യപൂർവം പൊളിക്കാമെന്നതിനാൽ എങ്ങനെയും ലൈറ്റ് ചെയ്യാമെന്ന സൗകര്യമുണ്ടെന്നാണ് മലയാള സിനിമയിലുള്ളവർ പറയുന്നത്. എന്നാൽ ഉപ്പോളം വരുമോ ഉപ്പിലിട്ടതെന്നാണു മറ്റു ഭാഷാ ചലച്ചിത്ര പ്രവർത്തകരുടെ ചിന്ത.