ഉദയ എത്തുന്നു, ചാക്കോച്ചന്റെ ചിറകിൽ

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ആ പേര് നീണ്ട 30 വർഷങ്ങൾക്കു ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക്. ഉദയ പിക്ചേഴ്സിന്റെ ബാനറിൽ നടൻ കുഞ്ചാക്കോ ബോബൻ നിർമിക്കുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രം 14ന് അടിമാലിയിൽ ചിത്രീകരണം ആരംഭിക്കും. സിദ്ധാർഥ ശിവ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായ കൊച്ചൗവ്വയെ അവതരിപ്പിക്കുന്നതും കുഞ്ചാക്കോ ബോബൻ തന്നെ.

എളുപ്പത്തിൽ ഒരു സിനിമ ചെയ്യുക എന്നതിനേക്കാൾ നല്ലൊരു സിനിമ നിർമിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഉദയ ബാനർ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏറെ മുൻപു തന്നെ സിനിമ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ നല്ല സിനിമ നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൽപ്പം കാത്തിരുന്നത്. ഏതു പ്രായത്തിൽപ്പെട്ടവർക്കും രസകരമായി ആസ്വദിക്കാൻ സാധിക്കുന്ന നല്ല സന്ദേശം പങ്കുവയ്ക്കുന്ന ചിത്രമാണിതെന്നും കുഞ്ചാക്കോ പറഞ്ഞു.

ഉദയയുടെ മൂന്നാം തലമുറയാണു നിർമാണ രംഗത്തേക്കു വീണ്ടുമെത്തുന്നത്. 1947ൽ ഉദയ സ്ഥാപിച്ചെങ്കിലും 1949ലാണ് വെള്ളിനക്ഷത്രം എന്ന സിനിമ കുഞ്ചാക്കോ നിർമിക്കുന്നത്. അതു പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. എന്നാൽ രണ്ടു വർഷത്തിനു ശേഷം ഉദയ നിർമിച്ച ജീവിത നൗക എന്ന ചിത്രം അക്കാലത്തെ വമ്പൻ ഹിറ്റായിരുന്നു. 265 ദിവസമാണ് ആ ചിത്രം തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചത്. വടക്കൻപാട്ടിന്റെ നിറവും ഭാവവും മലയാള സിനിമയുടെ കാഴ്ചകളിലേക്കെത്തിച്ചതും ഉദയയാണ്. 1986ൽ അനശ്വര ഗാനങ്ങൾ എന്ന സിനിമയാണു ഉദയ അവസാനം നിർമിച്ചത്. 66ാം സിനിമയായിരുന്നുവത്. ഓണം റിലീസായി എത്തുന്ന പുതിയ ചിത്രം ഉദയയയുടെ 67ാം ചിത്രമാകും.