‘എൻഎഫ്‌ഡിസിയെ തിരുത്താന്‍ സുരേഷ് ഗോപിക്ക് കഴിയട്ടെ’

എൻ എഫ്‌ ഡി സി ചെയർമാനായി നിയമിതനാകാൻ പോകുന്ന സുരേഷ് ഗോപിക്ക് ആശംസകളുമായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. എൻ എഫ്‌ ഡി സി യെ തിരുത്തുവാനും, അതിന്റെ കാര്യക്ഷമത വീണ്ടെടുക്കുവാനും അദ്ദേഹത്തിന് കഴിയട്ടെയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബി. ഉണ്ണികൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. എന്റെ പ്രിയസുഹൃത്ത്‌ സുരേഷ്ഗോപി എൻ എഫ്‌ ഡി സി ചെയർമാനായി നിയമിതനാകാൻ പോവുന്നതിൽ ഏറെ സന്തോഷം. ഈ പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ്‌, സുരേഷ്‌. നല്ലസിനിമകൾ നിർമ്മിക്കുക, അത്‌ ജനങ്ങളിലേക്ക്‌ എത്തിക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ വേണ്ടത്ര ശ്രദ്ധപുലർത്താത്ത സ്ഥാപനമായി മാറിക്കഴിഞ്ഞ എൻ എഫ്‌ ഡി സി യെ തിരുത്തുവാനും, അതിന്റെ കാര്യക്ഷമത വീണ്ടെടുക്കുവാനും സുരേഷിന്‌ കഴിയട്ടെ.

വർഷങ്ങളായി വെളിച്ചം കാണാതെ കിടക്കുന്ന, മലയാളത്തിൽ ഉണ്ടായ മികച്ച ചിത്രങ്ങളിൽ ഒന്നായ, എൻ എഫ്‌ ഡി സിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച 'കളിയഛ്ഛൻ' എത്രയും പെട്ടെന്ന് റിലിസ്‌ ചെയ്യാനുള്ള നടപടികൾ സുരേഷിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നു. ഒപ്പം, പ്രാദേശികഭാഷാ ചിത്രങ്ങളോട്‌ എൻ എഫ്‌ ഡി സി പുലർത്തിപ്പോന്ന പ്രതിഷേധിക്കപ്പെടേണ്ട അവഗണനയ്ക്കും സുരേഷിന്റെ നിയമനത്തോടെ പരിഹാരമാവും എന്നും പ്രതീക്ഷിക്കുന്നു. നല്ലത്‌ വരട്ടെ. ബി. ഉണ്ണികൃഷ്ണ്‍ പറഞ്ഞു.