സുരേഷ് ഗോപിയെ പിന്തുണച്ച് ബി. ഉണ്ണികൃഷ്ണന്‍

നടന്‍ സുരേഷ് ഗോപിയെ പിന്തുണച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. ഫേസ്ബുക്കിലാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ‘ സുരേഷ്‌ ഗോപിയെ ഒരു ദുഷ്പ്രമാണി, " ഷോ ഇവിടെ വേണ്ടാന്ന് " പറഞ്ഞ്‌ ഇറക്കിവിട്ടെന്നറിഞ്ഞപ്പോൾ, മുമ്പ്‌ സുധീരൻ, തിരുവഞ്ചൂർ, അങ്ങനെ പലരും; ഇവരെല്ലാം ഇതിയാന്റെ അടുത്ത്‌ അനുഗ്രഹം വാങ്ങാൻ എന്തിനു പോവുന്നു എന്ന് ചോദിച്ചാൽ, കഷ്ടം എന്ന് ഉത്തരം-- പെട്ടന്ന് മനസിലേക്ക്‌ ഓടിക്കയറിയത്‌, സുരേഷിന്റെ തീപ്പൊരി സംഭാഷണങ്ങളല്ല; താളവട്ടത്തിലെ അമ്പിളിചേട്ടനാണ്‌: " എനിക്കറിയാൻ വയ്യാഞ്ഞിട്ട്‌ ചോദിക്കുവാ... താനാരുവാാ..." ബി. ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താരസംഘടനയായ ‘അമ്മ’ പോലും ഈ വിഷയത്തില്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ബി. ഉണ്ണികൃഷ്ണന്‍ സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയെന്നതും ശ്രദ്ധേയം. സുരേഷ് ഗോപി സംഘടനയോടു പറഞ്ഞിട്ടല്ല എൻഎസ്എസ് ആസ്ഥാനത്ത് പോയതെന്നും അതുകൊണ്ട് അവിടെയുണ്ടായ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അനുവാദമില്ലാതെ കടന്നുവന്ന നടൻ സുരേഷ്ഗോപിയെ എൻഎസ്എസിന്റെ ബജറ്റ് സമ്മേളന ഹാളില്‍ നിന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇറക്കിവിട്ടത്. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നത്.

തുടർന്ന് സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാൻ ജി. സുകുമാരൻ നായർ ആവശ്യപ്പെടുകയായിരുന്നു. ഈ ഷോ എൻഎസ്എസിനോട് വേണ്ടെന്നും അഹങ്കാരം ഞങ്ങളോട് കാണിക്കരുതെന്നും സുകുമാരൻ നായർ പറഞ്ഞു.