ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ...ആ ഡയലോഗിന് പിന്നിലെ കഥ

മലയാളികളെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണ് വടക്കുനോക്കി യന്ത്രം. തളത്തിൽ ദിനേശന്റെ തമാശകളും നർമരംഗങ്ങളും ഡയലോഗുകള്‍ പലതും ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാറുണ്ട്.

ചിത്രത്തില്‍ നിരവധി ഡയലോഗുകള്‍ ഇന്നും മലയാളിയുടെ ഇഷ്ട ഡയലോഗ് ഏതെന്നു ചോദിച്ചാൽ ഈ രംഗമാകും പറയുക. ഭാര്യ ശോഭയെ ചിരിപ്പിയ്ക്കാന്‍ തളത്തില്‍ ദിനേശന്‍ ഒരു കഥ പറയുന്നുണ്ട്. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ വൃദ്ധന്റെ കഥ. ആ കഥ പിറന്നതെങ്ങനെയാണെന്ന് ശ്രീനിവാസന്‍ പറയുന്നു...

'ഹോട്ടലാണെന്ന്‌ കരുതി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ വൃദ്ധന്‍ എന്തുണ്ട്‌ കഴിക്കാന്‍. കടയുടമ, കട്ടിങ്ങും ഷേവിങും. അപ്പോള്‍ വൃദ്ധന്‍, രണ്ടും ഓരോ പ്ലേറ്റ്‌ പോരട്ടെ..ഹ.ഹ.ഹ..' ഈ ഡയലോഗ് ശ്രീനിവാസന്റെ സൃഷ്ടിയല്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനിവാസന്‍ ആ കഥയുടെ ചുരുളഴിച്ചു. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ആ തമാശ തനിക്ക് ലഭിച്ചത് നടന്‍ മുകേഷിൽ നിന്നാണെന്ന് ശ്രീനിവാസന്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ മുകേഷിനെ സാക്ഷിയാക്കിയാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.